ആശങ്ക നീങ്ങി; വീണ്ടും സജീവമായി ശ്രീചിത്ര

ആശങ്ക നീങ്ങിയതോടെ ശ്രീചിത്ര വീണ്ടും സജീവമായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ശ്രീചിത്രയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. ചികിത്സയിലുള്ള രോഗികൾക്കായി ഇന്നു മുതൽ കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ ടെലിമെഡിസിൻ കൺസൾട്ടേഷൻ തുടങ്ങി.

രോഗബാധിതനായ ഡോക്ടർ രോഗം ഭേദമായി ആശുപത്രി വിട്ടതും രോഗം കണ്ടെത്താനാകാത്തതും ആശങ്ക ഒഴിയാൻ കാരണമായി. അടിയന്തരചികിത്സ ആവശ്യമുള്ളവരെ ശ്രീചിത്രയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു.

കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ ടെലിമെഡിസിൻ കൺസൾട്ടേഷനും ഇന്നു മുതൽ തുടങ്ങി. പൂജപ്പുരയിലെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ കൊവിഡ് 19 പരിശോധന ഉടൻ തുടങ്ങുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ശ്രീചിത്രയിലെ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചത് രോഗികളേയും ആരോഗ്യപ്രവർത്തകരേയും പരിഭ്രാന്തിയിലാക്കിയിരുന്നു. മാർച്ച് രണ്ടിന് സപെയിൽ നിന്നും മടങ്ങിയെത്തിയ ഡോക്ടർക്ക് മാർച്ച് 15നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹവുമായി അടുത്തിടപഴകിയ 179 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരിൽ മിക്കവരേയും പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.

മാർച്ച് 11 മുതൽ ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നതിനാൽ പ്രൈമറി, സെക്കന്ററി ലിസ്റ്റിലുള്ളവരുടെ 15 ദിവസത്തെ ഇൻക്യുബേഷൻ കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ലെന്നത് ആശങ്കയും ഉത്കണ്ഠ അകലാൻ കാരണമായി. മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന ഡോക്ടറെ രോഗം ഭേദപ്പെട്ടതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ നടപടികൾ ഫലം കണ്ടിരിക്കുകയാണെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top