സ്വകാര്യ ലാബുകളിലെ പരിശോധന സൗജന്യമാക്കണമെന്ന് ആവശ്യം; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ ലാബുകളിലെ പരിശോധന സൗജന്യമാക്കണമെന്നാണ് പ്രധാന ആവശ്യം.
കൊവിഡ് പരിശോധനയ്ക്ക് 4500 രൂപ ഈടാക്കാൻ ഐസിഎംആർ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയിരുന്നു. രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ മാർഗനിർദേശം റദ്ദാക്കണമെന്നാണ് പൊതുപ്രവർത്തകനും അഭിഭാഷകനുമായ ശശാങ്ക് ദിയോ സുധിയുടെ ആവശ്യം. സർക്കാർ, സ്വകാര്യ ലാബുകൾ എന്ന വ്യത്യാസമില്ലാതെ ഏവർക്കും സൗജന്യ പരിശോധന അനുവദിക്കണം. കൊവിഡ് പരിശോധന കാര്യക്ഷമമാക്കാൻ ലാബുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. മാസ്‌കുകളും സാനിറ്ററൈസറുകളും വ്യാപകമായി പൂഴ്ത്തിവയ്ക്കുന്നതിൽ ഇടപെടണമെന്ന ഹർജിയും സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വീഡിയോ കോൺഫറൻസ് മുഖേന വാദം കേൾക്കുന്നത്. കൊവിഡ് വൈറസ് തീഹാർ ജയിലിൽ പടരുമോയെന്ന ഭീതി ചൂണ്ടിക്കാട്ടി അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ് പ്രതി ക്രിസ്റ്റിയൻ മിഷേൽ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
Read Also : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു
അതേസമയം, കൊവിഡ് വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ വലിയ ഉത്തരവാദിത്തം പുലർത്തണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഔദ്യോഗിക വശം കൂടി മാധ്യമങ്ങൾ പരിശോധിക്കണം. കേന്ദ്രസർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് സുപ്രിംകോടതി ഇടപെടൽ.
Story Highlights- coronavirus, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here