Advertisement

‘നോക്കു കൂലി പുനസ്ഥാപിക്കുന്നത് കൈയ്യും കെട്ടി നോക്കി നിൽക്കില്ല’ ;മുഖ്യമന്ത്രി

April 13, 2020
Google News 1 minute Read

നോക്കുകൂലിക്കെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ കയറ്റിറക്കു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നോക്കു കൂലി സമ്പ്രദായം കേരളത്തിൽ അവസാനിപ്പിച്ചതാണെന്നും വീണ്ടും പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

തിരുവല്ലയിൽ സൺഫ്ളവർ ഓയിൽ ലോറിയിൽ നിന്നും ഇറക്കാനാണു തൊഴിലാളികൾ നോക്കു കൂലി ആവശ്യപ്പെട്ടത്. തിരുവല്ലയിൽ കണ്ടത് നേരത്തെ ഒഴിവാക്കിയ ഒരു പ്രവണതയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘നോക്കുകൂലി സമ്പ്രദായത്തെ കേരളത്തിലെ എല്ലാ സംഘടിത തൊഴിലാളി യൂണിയനുകളും തള്ളിപ്പറഞ്ഞതും ചിലയിടങ്ങളിൽ ഉണ്ടായിരുന്ന ആ സമ്പ്രദായം അവസാനിപ്പിച്ചതുമാണ്. ഏതെങ്കിലും ഒരാൾ ഈ പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായി നോക്കുകൂലി ആവശ്യപ്പെട്ടാൽ ശക്തമായ നടപടിയെടുക്കും. ഇത്തരമൊരു ഘട്ടത്തിൽ നോക്കുകൂലി വീണ്ടും പുനസ്ഥാപിക്കാൻ ശ്രമിക്കുന്നത് കൈയ്യും കെട്ടി നോക്കിയിരിക്കാനാവില്ല’ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നോക്കുകൂലി ഒഴിവാക്കാനായി ഫലപ്രദമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവല്ലയിൽ നടന്നതല്ലാതെ, മറ്റ് ചില ചരക്കുകളും ചിലയിടത്ത് ഇറക്കാൻ ചെന്നപ്പോൾ നോക്കുകൂലി ആവശ്യപ്പെടുന്ന സംഭവം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അത്തരം വഴിവിട്ട നീക്കങ്ങൾ നടത്തുന്നവർ അതിൽ നിന്ന് മാറിനിൽക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. അംഗീകൃത കൂലിക്ക് അർഹതയുണ്ടെങ്കിൽ മാത്രമേ അത് ലഭിക്കുകയുള്ളൂ. അനാവശ്യമായ ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. അങ്ങനെയുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കും; പിണറായി വിജയൻ അറിയിച്ചു.

Story highlight: illegal unloading charge not allowed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here