അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ വില്പനക്ക്; ‘സൂം’ ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

പ്രമുഖ വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ സൂം ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആപ്പിലെ അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വില്പനക്ക് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ പല പ്രമുഖ കമ്പനികളും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സൂം ആപ്പ് നിരോധിച്ചിരുന്നു.

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ ചാറ്റ് ആപ്പുകൾക്ക് പ്രചാരം വർധിച്ചിരുന്നു. വീട്ടിൽ തന്നെ ഇരിക്കുന്ന ആളുകൾ പ്രിയപ്പെട്ടവരെ കാണാനായി വീഡിയോ കോൾ ചെയ്യാൻ തുടങ്ങിയതോടെ പല ആപ്പുകളുടെയും ഡൗൺലോഡ് വർധിച്ചു. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പല കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതോടെ മീറ്റിംഗുകൾക്കായും വീഡിയോ ചാറ്റ് ആപ്പുകൾ രക്ഷക്കെത്തി. സൂം ആപ്പാണ് ഇത്തരത്തിൽ ഏറെ പ്രചാരം നേടിയത്. കഴിഞ്ഞ കുറച്ച് നാളുകളായി സൂമിൻ്റെ ഡൗൺലോഡ് കുതിച്ചുയർന്നിരുന്നു. ഇതിനിടെയാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗൂഗിൾ, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ വൻകിട കമ്പനികൾ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.

പാസ്‌വേഡുകൾ, ഇമെയിലുകൾ തുടങ്ങിയ സ്വകാര്യ ഡേറ്റകൾ, ഉപകരണ വിവരങ്ങൾ എന്നിവക്കൊപ്പമാണ് വീഡിയോ ദൃശ്യങ്ങൾ വില്പനക്ക് വെച്ചിരിക്കുന്നത്. ചില ഡേറ്റകൾ വിറ്റു കഴിഞ്ഞു എന്ന് ഒരു ഹാക്കർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡാർക് വെബിൽ സൂം ഡേറ്റകൾക്ക് 5,000 ഡോളർ (3.8 ലക്ഷം രൂപ) മുതൽ 30,000 ഡോളറിന് വരെ (22.8 ലക്ഷം രൂപ) വിലയുണ്ട്.

Story Highlights: data breach in zoom app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top