സൂം ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് കേന്ദ്ര സർക്കാർ

വിഡിയോ കോൺഫറൻസ് നടത്തനായി ആളുകളിപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ആണ് സൂം. എന്നാൽ ആപ് സ്വകാര്യതയെ മാനിക്കുന്നില്ലെന്ന വാദം പരക്കെ ഉയർന്നിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാരും സൂം ആപ് സുരക്ഷിതമല്ലെന്ന് പറഞ്ഞിരിക്കുകയാണ്. അതിനാൽ സർക്കാർ ഓഫിസുകളും ഉദ്യോഗസ്ഥരും സൂം ആപ്ലിക്കേഷൻ ഉപയോഗിക്കരുതെന്നാണ് നിർദേശം.

സർക്കാരിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇന്ത്യ സൂം ആപ്പിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സെർട്ട് ഇതിനായി പ്രത്യേക മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കായി സൂം ആപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ. അജ്ഞാതർ വിഡിയോ കോൺഫറൻസിൽ നുഴഞ്ഞു കയറുന്നത് തടയുക, ഇത്തരക്കാർ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് തടയുക, ഡിനയൽ ഓഫ് സർവീസ് ആക്രമണങ്ങൾ തടയാൻ കോൺഫറൻസുകളിൽ പ്രവേശിക്കാൻ പാസ്വേഡുകൾ നൽകുക എന്നിങ്ങനെയാണ് സെർട്ടിന്റെ നിർദേശങ്ങൾ. സൂം അക്കൗണ്ടിലെ സെറ്റിംഗ്‌സിൽ ഇതിനുള്ള ക്രമീകരണങ്ങൾ നടത്താം.

സൂം ആപ്ലിക്കേഷനിലെ പാസ്സ്‌വേർഡുകൾ ചോരുകയും വീഡിയോ കോൺഫറൻസിനിടെ അജ്ഞാതർ നുഴഞ്ഞുകയറുകയും ചെയ്ത സംഭവങ്ങൾ വിവാദമായിരിക്കെയാണ് കേന്ദ്ര സർക്കാർ ഇടപെടൽ. വ്യവസായ സ്ഥാപനങ്ങൾ വരെ വെബിനാറുകൾക്കും വിഡിയോ കോൺഫറൻസുകൾക്കും സൂം ഉപയോഗിക്കുന്നുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സൂം ആളുകൾ മറ്റുള്ളവരെ കാണാനായും സംഭാഷണം നടത്താനായും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു.

Story highlights-zoom video conferencing app

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top