തമിഴ്നാട്ടിൽ നിന്നും കൂടുതൽ ആളുകൾ വനപാതയിലൂടെ ഇടുക്കി അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു എന്ന് വിവരം

തമിഴ്നാട്ടിൽ നിന്നും വനപാതയിലൂടെ കൂടുതൽ ആളുകൾ ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയിൽ അതിർത്തി കടന്ന് ഇരുപതോളം പേർ എത്തിയിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ആളുകൾ അതിർത്തി കടക്കുന്ന തേവാരംമേട്ടിൽ സംസ്ഥാനത്തെ ആദ്യ കൊവിഡ് പൊലീസ് ഔട്ട് പോസ്റ്റ് തുറന്നു.

തമിഴ്നാട്ടിൽ നിന്നും ഇടുക്കി ജില്ലയിലേക്ക് കടക്കാൻ 45 ഓളം സമാന്തരപാതകളിലൂണ്ട്. രാത്രിയിൽ എല്ലായിടത്തും പൊലിസ് പരിശോധനകൾ ഉണ്ടാവില്ല. ഈ സാഹചര്യം മനസിലാക്കിയാണ് തമിഴ്നാട്ടിൽ നിന്നും ആളുകൾ ജില്ലയിലേക്ക് കടക്കുന്നത്. വന്യമൃഗ ഭീഷണി ഉള്ളതിനാൽ വനത്തിനുളളിൽ രാത്രി പരിശോധനയും സാധ്യമല്ല. ലോക്ക്ഡൗണിന് മുമ്പ് നാട്ടിലേക്ക് പോയ തോട്ടം തൊഴിലാളികളാണ് തിരികെ വരാൻ ശ്രമിക്കുന്നത്. കേരളത്തിലേക്ക് കടന്നാല്‍ ഈ ആഴ്ച തന്നെ തോട്ടങ്ങളില്‍ ജോലിക്ക് കയറാമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

രാത്രി കാലങ്ങളിൽ അതിർത്തി കടന്നെത്തുന്നവർ പ്രധാനമായി ഉപയോഗിക്കുന്നത് നെടുങ്കണ്ടം തേവാരം മേട്ടിലെ സമാന്തര പാതകളെയാണ്. ഈ വഴി മൂന്നു കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ചാല്‍ കേരളത്തിലേക്കും കടക്കാം. കാൽനടയായി സമാന്തരപാതകളിലൂടെ അതിർത്തിയിൽ എത്തുന്നവരെ വാഹനങ്ങളില്‍ കൊണ്ടുപോകുവാനും ഏലത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാനാണ് തേവാരം മേട്ടിൽ കൊവിഡ് ഔട്ട് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

തമിഴ്നാട് അതിർത്തി ജില്ലയായ തേനിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സമാന്തര പാതകളിലൂടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ എത്തുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ച 19 പേരിൽ പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലെ ഓരോരുത്തർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. അതുകൊണ്ട് തന്നെ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാനുള്ള നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Story Highlights: more people are coming to the Idukki border villages from Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top