ലോക്ക്ഡൗൺ കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവറായി വൈദികൻ

ലോക്ക്ഡൗൺ കാലത്ത് രോഗികളെ ആശുപത്രിയിലെത്തിക്കാൻ സ്വന്തം ആംബുലൻസുമായി ഒരു വൈദികൻ. കണ്ണൂർ ചെമ്പേരിയിലെ ഫാ. ജോമോൻ ചെമ്പകശേരിയാണ് പ്രദേശവാസികളെ സഹായിക്കാൻ ആംബുലൻസ് ഡ്രൈവറായത്.
കണ്ണൂരിൻ്റെ മലയോര ഗ്രാമമായ ചെമ്പേരിയിലെ ജനങ്ങൾക്ക് ലോക്ക്ഡൗൺ കാലത്ത് ആശ്വാസമാവുകയാണ് വൈദികനായ ജോമോൻ ചെമ്പകശേരി. ലോക്ക്ഡൗണിന് ഒരാഴ്ച മുൻപാണ് ഫാ. ജോമോൻ ആംബുലൻസ് വാങ്ങിയത്. ലോക്ക്ഡൗൺ തുടങ്ങിയതോടെ ആംബുലൻസുമായി ഈ വൈദികൻ സേവനമാരംഭിച്ചു. വാഹന സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ഇപ്പോൾ ഫാ. ജോമോനാണ്. ആംബുലൻസിൻ്റെ ഡ്രൈവിംഗ് സീറ്റിലും ഈ വൈദികൻ തന്നെ. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു ഫോൺ കോൾ മാത്രം മതി. ആംബുലൻസുമായി ഫാ. ജോമോനെത്തും.
ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സർവീസ്. ഓരോ തവണയും രോഗികളെ ആശുപത്രിയിലെത്തിച്ച് തിരിച്ചു വന്നാലുടൻ ആംബുലൻസ് അണുവിമുക്തമാക്കും. കണ്ണൂർ രൂപതയുടെ അധീനതയിലുള്ള ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റ് മാനേജരാണ് ഫാ. ജോമോൻ. ചെമ്പേരി വൈസ് മെൻസ് ക്ലബ് അംഗമായ ഇദ്ദേഹം, ക്ലബ്ബിന്റെ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയാണ്. ലോക്ക്ഡൗൺ കഴിഞ്ഞാലും ആംബുലൻസുമായി സേവന രംഗത്ത് തന്നെയുണ്ടാകും ഈ വൈദികൻ.
Story Highlights: coronavirus, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here