പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിന് അഞ്ചുകോടി രൂപ അനുവദിച്ചു

പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിന് കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ കൈത്താങ്ങ്. ആര്‍പിഎല്ലിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ശമ്പള വിതരണം തടസപ്പെട്ടതിനെതുടര്‍ന്ന് പ്രതിസന്ധിയിലകപ്പെടുമായിരുന്ന 1300ഓളം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ നടപടി തുണയാവുക. നേരത്തെ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ വീതം ധനസഹായവും ആര്‍പിഎല്ലിലെ എല്ലാ തൊഴിലാളികള്‍ക്കും നല്‍കിയിരുന്നു.
തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ആര്‍പിഎല്ലില്‍ 1200 ഓളം തൊഴിലാളികളും 175 ഓളം ഇതര വിഭാഗം ജീവനക്കാരുമുണ്ട്. കൊല്ലം ജില്ലയിലെ കൂളത്തൂപ്പുഴ, ആയിരനെല്ലൂര്‍ എന്നിവിടങ്ങളില്‍ റബര്‍ പ്ലാന്റേഷനുകളും, കുളത്തൂപ്പുഴ എസ്റ്റേറ്റില്‍ ഫാക്ടറി കോംപ്ലക്‌സും പ്രവര്‍ത്തിക്കുന്നുണ്ട്. റബര്‍ ഉത്പാദനത്തില്‍ ഇന്ത്യയിലെ വന്‍കിട റബര്‍ പ്ലാന്റേഷനുകളില്‍ മുന്‍പന്തിയിലാണെങ്കിലും റബറിനുണ്ടായ വന്‍ വിലയിടിവും റീപ്ലാന്റിംഗ് നടത്തിയതിനെ തുടര്‍ന്നുള്ള ഉത്പാദന കുറവും മൂലം നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്ലാന്റേഷനുകളുടേയും, ഫാക്ടറികളുടേയും പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഇളവുകളോടെ ഏപ്രില്‍ 10 മുതല്‍ 25 ശതമാനം ജീവനക്കാരെ മാത്രം ഉപപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചെങ്കിലും കുളത്തൂപ്പുഴ പഞ്ചായത്തും പുനലൂര്‍ മുന്‍സിപ്പാലിറ്റിയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 21 മുതല്‍ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ലോക്ക്ഡൗണ്‍ മൂലം ഉത്പാദനവും വിപണനവും മുടങ്ങിയതിനാല്‍ തൊഴിലാളികള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ച്ചിലെ വേതനം പൂര്‍ണമായും നല്‍കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി മൂലം അടിയന്തിര സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍പോലും തടസപ്പെടുമെന്ന അവസ്ഥയിലാണ് കമ്പനി ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.
Story Highlights- monetary help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here