കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരം പുറത്തായ സംഭവം; അന്വേഷണത്തിന് ഉത്തരവ്

കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ക്രൈം റെക്കോർഡ് ബ്യുറോ എ.ഡി.ജി.പി സുദേഷ് കുമാറിനാണ് അന്വേഷണ ചുമതല. കണ്ണൂരിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ രോഗം ഭേദമായവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് വിവരച്ചോർച്ചയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. രോഗികൾക്ക് വന്ന ഫോൺ വിളികളും, അവരുടെ മേൽവിലാസമടക്കമുള്ള കാര്യങ്ങൾ പരസ്യപ്പെടാനിടയായ സാഹചര്യവുമാണ് അന്വേഷിക്കുക. വ്യക്തികളുടെ മൊബൈൽ നമ്പർ ബംഗളൂരുവിലെ സ്വകാര്യ ഐ.ടി സ്ഥാപനത്തിന് ലഭിച്ചതെങ്ങനെ എന്ന കാര്യത്തിൽ പ്രത്യേക പരിശോധന നടത്തും. ഇതിനായി അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി സുദേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കാസർഗോഡ് ഡി.എം.ഒ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കണ്ണൂർ ജില്ലയിലെ വിവരങ്ങൾ ചോർന്നതിന് പൊലീസിന്റെ കൊവിഡ് കെയർ ആപ്പ് കാരണമായിട്ടുണ്ടോയെന്നും പ്രത്യേകം പരിശോധിക്കും. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നോ ആപ്പ് നിർമിച്ചതെന്നും അന്വേഷിക്കും. കൂടാതെ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയിലേക്ക് നീങ്ങാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം സംഭവം വിവാദമായതിന് ശേഷം ആർക്കും ബാംഗ്ലൂരിൽ നിന്ന് ഫോൺ വിളി ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here