കൊവിഡ് : അമേരിക്കയില്‍ മരണ സംഖ്യ 62,380 ആയി

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 62,380 ആയി. 1,076,129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,49,686 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 725 പേരാണ് മരിച്ചത്. 18,697 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇവിടെ മരണസംഖ്യ ഇരുപത്തിമൂവായിരം കടന്നു. ന്യൂജേഴ്സിയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തി പതിനാറായിരം കടന്നപ്പോള്‍ മരണസംഖ്യ ഏഴായിരത്തിനടുത്തെത്തി. മസാച്യുസെറ്റ്സില്‍ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നു. മരണസംഖ്യ മൂവായിരത്തി അഞ്ഞൂറിനടുത്തെത്തി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. ഇവിടുത്തെ മരണസംഖ്യ രണ്ടായിരത്തി ഇരുന്നൂറ് കടന്നു. മിഷിഗണ്‍, പെന്‍സില്‍വാനിയ, കണക്ടിക്കട്ട്, ലൂസിയാന, ജോര്‍ജിയ എന്നിവിടങ്ങളിലും രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്.
അതേസമയം, ചൈനയ്ക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. താന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ചൈന എന്തും ചെയ്യുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവര്‍ കൊവിഡിനെ കൈകാര്യം ചെയ്ത രീതിയെന്ന് ട്രംപ് റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോകം മുഴുവന്‍ വൈറസ് പടര്‍ന്നതിന് പിന്നില്‍ ചൈനയാണെന്ന ആരോപണം ആവര്‍ത്തിച്ച ട്രംപ് ചൈനയ്ക്കെതിരെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ തനിക്കാകുമെന്ന് പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വളരെ നേരത്തെ ലോകത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ചൈനയ്ക്ക് ആകുമായിരുന്നുവെന്ന് പറഞ്ഞ ട്രംപ് തന്റെ എതിരാളി ജോ ബൈഡന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
Story Highlights- coronavirus, covid19, us
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here