Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (07-05-2020)

May 7, 2020
Google News 1 minute Read

ആശ്വാസ തീരത്ത്; പ്രവാസികളുമായി അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തില്‍ എത്തി

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തില്‍ എത്തി. പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയിരിക്കുന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം പുറപ്പെട്ടു

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായുള്ള വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. കൊവിഡ് 19 പരിശോധന നടത്തിയശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ചത്. 9.40 ഓടെയാണ് നെടുമ്പാശേരിയില്‍ വിമാനം എത്തിച്ചേരുക.

ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് കേസുകളില്ല; അഞ്ചുപേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് അഞ്ച് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മൂന്നു പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ രണ്ടു പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.

ചരിത്രദൗത്യത്തിനായി പറന്നുയർന്നു; പ്രവാസികളെ തിരികെ കൊണ്ടുവരാൻ കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെട്ടു

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു. നേരത്തെ പറഞ്ഞിരുന്നത് പോലെ കൃത്യം 12.30നാണ് വിമാനം പറന്നുപൊങ്ങിയത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് വിതരണം നിർത്തിവച്ചു

അന്തർ സംസ്ഥാന യാത്രാ പാസ് വിതരണം നിർത്തിവച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനുള്ള പാസ് വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്.

ആന്ധ്ര വിഷവാതക ദുരന്തം; മരണസംഖ്യ ഉയരുന്നു; ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് നിർദേശം

വിശാഖപട്ടണത്തുണ്ടായ വിഷവാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. എട്ട് പേർ മരണപ്പെട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. അഞ്ച് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 5000ൽ ഏറെ പേരെ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. ഗ്രാമവാസികൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ആന്ധ്രയില്‍ വിഷവാതക ദുരന്തം: മൂന്ന് മരണം; ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു

ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രസവാതകം ചോര്‍ന്നു മൂന്ന് മരണം.
വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. സംഭവ സ്ഥലത്ത് നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ടെന്നാണ് നിഗമനം. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. പ്രദേശത്ത് ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്.

പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും

പ്രവാസികളുടെ ആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും. സംസ്ഥാനത്തേക്ക് ഇന്ന് രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി എത്തുക. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് വിമാനങ്ങൾ. ആകെ 368 പേരാണ് ഇന്ന് നാട്ടിലെത്തുക.

Story Highlights- todays news headlines may 07

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here