പത്തനംതിട്ടയിൽ ഡെങ്കിപ്പനി നിയന്ത്രണ കാമ്പയിന്‍ നാളെ

ദേശീയ ഡെങ്കിപ്പനി ദിനമായ മെയ് 16 ന് പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി നിയന്ത്രണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു .ജാഗ്രത 2020 എന്ന പേരില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഇതില്‍ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ പി ബി നൂഹ് അറിയിച്ചു. എല്ലാ കുടുംബാംഗങ്ങളും കാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് അവരവരുടെ വീടുകളും പരിസരവും കൊതുകുകള്‍ മുട്ടയിട്ടു പെരുകാത്ത രീതിയില്‍ വൃത്തിയാക്കണമെന്നും കളക്ടർ അറിയിച്ചു.
വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ്തല ആരോഗ്യ ശുചിത്വ സമിതിയുടെ സഹകരണത്തോടെ എല്ലാ വാര്‍ഡുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി വരുന്നതു കണക്കിലെടുത്താണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 139 ഡെങ്കിപ്പനി ബാധ പത്തനംതിട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയംവരെ 31 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലോക്ക്ഡൗൺ സമയത്തും ജനങ്ങള്‍ വീടുകളും പരിസരവും വൃത്തിയാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയിട്ടില്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്. റബര്‍ തോട്ടങ്ങളും കൊതുകുകളുടെ പ്രധാന ഉറവിടങ്ങളായി തുടരുകയാണ്.
ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് വെച്ചൂച്ചിറ പഞ്ചായത്തിലാണ്. നാറാണംമൂഴി, കോന്നി, കുറ്റൂര്‍, മല്ലപ്പള്ളി, ചെറുകോല്‍, തിരുവല്ല നഗരസഭ എന്നിവിടങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും വീടും ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം.
ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, സാമൂഹിക സംഘടനകള്‍, ജീവനക്കാര്‍, തൊഴിലാളികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങി എല്ലാവരും സാമൂഹിക അകലം പാലിച്ച് ഈ കാമ്പയിനില്‍ പങ്കെടുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഫലപ്രദമായ സാമൂഹിക ഇടപെടല്‍ ഡെങ്കി നിയന്ത്രണത്തിന്റെ താക്കോല്‍ എന്നതാണ് 2020 ദേശീയ ഡെങ്കി ദിനത്തിന്റെ തീം.
Story Highlights: dengue fever, Pathanamthitta district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here