പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ല; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാങ്കേതിക മികവിലേക്ക്

technology

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ സുതാര്യതയും സമയക്ലിപ്തതയും സാങ്കേതിക മികവോടെ നടപ്പിലാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS) എന്ന സമഗ്ര സോഫ്റ്റ്‌വെയര്‍ ജൂലൈ മാസത്തോടെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടപ്പാക്കും.

ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണിപ്പോള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. നിലവില്‍ സേവന സോഫ്റ്റ്‌വെയറിലൂടെ ജനന/മരണ/വിവാഹ രജിസ്‌ട്രേഷനുകളില്‍ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും, പേര് ചേര്‍ക്കലിനുള്ള അപേക്ഷയും മാത്രമാണ് ഇ – ഫയലിംഗിലൂടെ സാധ്യമാകുന്നത്. അവ ഇ – ഫയല്‍ ചെയ്താലും രേഖകളൊക്കെ നേരിട്ട് ഹാജരാക്കേണ്ടതുണ്ട്.

എന്നാല്‍ പുതിയ സോഫ്റ്റ്‌വെയര്‍ നിലവില്‍ വരുന്നതോടെ ജനന/മരണ/വിവാഹ രജിസ്‌ട്രേഷന്‍, പേര് ചേര്‍ക്കല്‍, തിരുത്തല്‍ തുടങ്ങി എല്ലാവിധ സേവനങ്ങള്‍ക്കും പൊതു ജനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷ അയയ്ക്കാവുന്നതും സേവനങ്ങള്‍ സമയബന്ധിതമായി ഓണ്‍ലൈനില്‍ ലഭ്യമാവുന്നതുമാണ്.

ഉപഭോക്താവിന് തന്റെ ഇന്‍ബോക്‌സിലും, ഇ-മെയിലായും സേവനം ലഭ്യമാക്കുന്ന സംവിധാനം ഇതിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫയലുകള്‍ ഇനി മുതല്‍ വെബ് ബേയ്‌സ്ഡ് ആയി പ്രോസസ് ചെയ്യാന്‍ സാധിക്കും എന്നത് ഈ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതയാണ്. ഈ സോഫ്റ്റ്‌വെയര്‍ എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും വ്യന്യസിക്കുന്നതോടെ, സേവനങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ നേരിട്ട് ഓഫീസില്‍ ഹാജരാകേണ്ട ആവശ്യം ഉണ്ടാകുന്നില്ല. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംവിധാനം എടുത്തു പറയേണ്ട ഒന്നാണ്.

ജനന/മരണ/വിവാഹ രജിസ്‌ട്രേഷനുകളോടൊപ്പം നിലവില്‍ വെബ് അടിസ്ഥാനത്തില്‍ അല്ലാത്ത ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ് മൊഡ്യൂള്‍ വെബ് അധിഷ്ടിതമാകുന്നതോടെ ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനത്തിലേയും ധനകാര്യ ഇടപാടുകള്‍, തത്സമയ ധനസ്ഥിതി എന്നിവ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും സംസ്ഥനതലത്തില്‍ യഥാസമയം ലഭ്യമാകുന്ന അവസ്ഥാ വിശേഷം ഉണ്ടാകുകയും, അത് വഴി സര്‍ക്കാരിന് നയപരമായ തീരുമാനമെടുക്കലുകള്‍ക്കും തദ്ദേശീയമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകും.

നിലവില്‍ മാന്വലായി കൈകാര്യം ചെയ്യുന്ന എല്ലാ ഫയലുകളും വെബ് ബെയ്‌സ്ഡ് ആകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം കൂടുതല്‍ ഗുണപരവും, കാര്യക്ഷമവും, സൗഹാര്‍ദ്ദവുമായി മാറുകയും കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യും.

Story Highlights: Local Self Government Institutions Technical Excellence

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top