ആയുഷ്മാൻ ഖുറാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്നു; ഗുലാബോ സിതാബോ ട്രെയിലർ കാണാം

ആയുഷ്മാൻ ഖുറാനയും അമിതാഭ് ബച്ചനും ആദ്യമായി ഒരുമിക്കുന്ന ഗുലാബോ സിതാബോ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. 2 മിനിട്ട് 41 സെക്കൻഡാണ് ട്രെയിലറിൻ്റെ ദൈർഘ്യം. ജൂൺ 12ന് ഓടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസ് ആകുന്നത്. കോമഡി ഫാമിലി ഡ്രാമ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഏറെ പ്രായമായ ഒരു കഥാപാത്രമായി അഭിനയിക്കുന്ന അമിതാഭ് ബച്ചൻ്റെ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിക്കി ഡോണർ, പികു, പിങ്ക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഷൂജിത് സർക്കാർ ആണ് ഗുലാബോ സിതാബോ അണിയിച്ചൊരുക്കുന്നത്. റോണി ലാഹിരി, ഷീൽ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജുഹി ചതുർവേദി തിരക്കഥ ഒരുക്കിയിരിക്കുന്നു. അമിതാഭ് ബച്ചൻ, ആയുഷ്മാൻ ഖുറാന എന്നിവർക്കൊപ്പം വിജയ് റാസ്, ബ്രിജേന്ദ്ര കാല എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നേരത്തെ ബോളിവുഡിൽ ഉൾപ്പെടെ പ്രധാന താരങ്ങളുടെ സിനിമകൾ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാൻ തയാറെടുത്തിരുന്നു. പല ഭാഷകളിലായി 6 സിനിമകളാണ് ആമസോൺ പ്രൈമിലൂടെ ഓടിടി റിലീസിനൊരുങ്ങുന്നത്. സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ് നിർമിച്ച് ജ്യോതിക നായികയായ ‘പൊൻമകൾ വന്താൽ’ എന്ന തമിഴ് സിനിമ ഡിജിറ്റൽ റിലീസ് പ്രഖ്യാപിച്ചത് തമിഴകത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചിത്രത്തിൻ്റെ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.
read also:നോട്ട് നിരോധനം പ്രമേയമാക്കി അനുരാഗ് കശ്യപിന്റെ’ചോക്ഡ്’ചിത്രത്തിൽ റോഷൻ മാത്യുവും; ട്രെയിലർ
ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന സിനിമയും മലയാളത്തിൽ നിന്ന് ആദ്യമായി ഡിജിറ്റൽ റിലീസ് ചെയ്യും. ഈ നീക്കത്തിനെതിരെ ഫിലിം ചേംബറും തീയറ്റർ ഉടമകളും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും മലയാള സിനിമാ ലോകത്ത് തർക്കം നിലനിൽക്കുകയാണ്.
Story highlights-gulabo sitabo trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here