‘ആ ഭാഗമില്ലാതെ ആടുജീവിതം പുറത്തിറങ്ങുമോ? എങ്കിൽ അത് നജീബിനോടുള്ള വഞ്ചനയാണ്’; ആരാധികയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

മലയാള സിനിമയെ ലോക സിനിമ ഭൂപടത്തിൽ തന്നെ അടയാളപ്പെടുത്താൻ പോകുന്ന ചലച്ചിത്രമായാണ് ആടു ജീവിതത്തെ അതിന്റെ പ്രാംരംഭ ഘട്ടം മുതൽ വിശേഷിപ്പിക്കുന്നത്. അതിനിടയിൽ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആടു ജീവിതത്തിന്റെ വിദേശ ഷെഡ്യൂളിനായി ജോർദാനിലെ വാദിറാം മരുഭൂമിയിൽ എത്തിയ പൃഥ്വിരാജ് ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘം ലോക്ക് ഡൗൺ കാലത്ത് അവിടെ കുടുങ്ങിപ്പോകുന്നത്. പ്രതിസന്ധി കാലത്തിലും കഴിയുന്നത്ര ചിത്രീകരണം പൂർത്തിയാക്കിയാണ് ഏറെ നീണ്ടു നിന്ന ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ മേയ് 22 ന് ജോർദാനിൽ നിന്നും സംഘം കൊച്ചിയിൽ വിമാനം ഇറങ്ങിയത്.
കൊറോണക്കാലത്തെ ചലച്ചിത്രങ്ങളിൽ ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായി മാറുന്ന ആടുജീവിതം ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മറ്റൊരു രീതിയിലാണ്. ഒരു പൃഥ്വിരാജ് ആരാധികയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ…
ബെന്യാമിന്റെ ഏറ്റവും പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിൽ പൃഥ്വിരാജ് എന്ന നടനിൽ നിന്നും പ്രതീക്ഷിക്കുന്ന ചില അത്ഭുതങ്ങളാണ് ജീന ജോൺ എന്ന ആരാധിക തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്. നോവലിലെ ഹൃദയസ്പർശിയായ ചില രംഗങ്ങൾ പൃഥ്വിരാജ് എന്ന നടനിലൂടെ പുനരാവിഷ്‌കരിച്ച് കാണാൻ അതിയായ ആഗ്രഹത്തോടെ കാത്തിരിക്കുകയാണെന്നും സിനിമയിൽ ആ രംഗങ്ങൾ ഒഴിവാക്കരുതെന്നുമാണ് ജീന പറയുന്നത്. അങ്ങനെ ചെയ്താൽ അത് നജീബിനോട് കാണിക്കുന്ന വഞ്ചനയായിരിക്കുമെന്നും ജീന പറയുന്നു. എന്നാൽ, ആ രംഗം സിനിമയിൽ ഉണ്ടാകുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും അതിനു കാരണം മുംബൈ പൊലീസ് ചെയ്യാൻ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനാണെന്നുമാണ് ജീന പറയുന്നത്.
മാത്രമല്ല, ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചിത്രത്തിനായി തന്റെ മുടിയും താടിയും നീട്ടി വളർത്തി, ഷൂട്ടിംഗിന്റെ അവസാന നാളുകളിൽ ശരീരത്തിലെ കൊഴുപ്പ് അപകടകരമാവിധം കുറഞ്ഞു എന്ന് പറഞ്ഞ് ദുൽഖർ സൽമാന് ടാഗ് ചെയ്തുകൊണ്ടുള്ള പൃഥ്വിരാജിന്റെ പോസ്റ്റിലെ ഫോട്ടോയും ജീന അൽഫോൺസ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
read also: ജോർദാനിൽ നിന്ന് ‘ആടുജീവിതം’ സംഘം കൊച്ചിയിൽ തിരിച്ചെത്തി
ജീന അൽഫോൺസ് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്
”ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആന്മാർത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവൻ ഞെട്ടിയിരിയ്ക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വർത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന- വായിക്കുന്ന ഒരു #fan_girl ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനിൽ കാണാനായി ആകാംഷയിലുമാണ്… അനുദിനം മനുഷ്യനിൽ നിന്നും ആടിലേക്ക് പരിണമിക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടൻ എങ്ങിനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെൻഷനും ഉണ്ട്.
ഞാൻ കാത്തിരിയ്ക്കുന്ന ആടുജീവിതത്തിൽ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിൻ എന്ന എഴുത്തുകാരൻ അത്രത്തോളം ഹൃദയ സ്പർശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയിൽ ആടുകൾക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളിൽ ഒരു സ്ത്രീ സാമിപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങൾ. ഇനി ഒരിയ്‌ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വർഷങ്ങളോളം ഷണ്ഡൻ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവിൽ അവനേറ്റവും പരിപാലിച്ച ‘പോച്ചക്കാരി രമണി’ എന്ന ആടിൽ അവന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ…
ബെന്യാമിൻ എന്ന എഴുത്തുകാരൻ വളരെ ചുരുങ്ങിയ വാക്കുകൾകൊണ്ടുതന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാൻ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയിൽ ശ്വാസം കെട്ടിക്കിടന്ന് വീർപ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങൾ. എഴുത്തിലൂടെ അത്രമേൽ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലർത്തി എന്നത് കാണാനാണ് ഞാൻ കാത്തിരിയ്ക്കുന്നത് . അഥവാ ആ ഭാഗം സിനിമയിൽ ഒഴിവാക്കപ്പെട്ടു എങ്കിൽ അത് നജീബിനോടുള്ള വഞ്ചനയാണ്.
പക്ഷെ, ഞാൻ വിശ്വസിക്കുന്നത് മുംബൈ പോലീസ് ചെയ്യാൻ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്. ഒപ്പം കഥയുടെ പെർഫെക്ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും……”
ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ബ്ലെസി സിനിമയൊരുക്കുന്നത്. പൂർണമായും നോവലിനെ പിന്തുടരാതെ, സിനിമയ്ക്കാവശ്യമായ ചില മാറ്റങ്ങൾ തിരക്കഥയിൽ വരുത്തിയിട്ടുണ്ട്. ഏകദേശം നാലു വർഷങ്ങൾക്കു മുമ്പാണ് ബ്ലെസി ‘ആടുജീവിതം’ സിനിമയാക്കുകയാണെന്നു പ്രഖ്യാപിക്കുന്നത്. ആരായിരിക്കും നജീബ് എന്ന ആകാംക്ഷയ്ക്ക് പൃഥ്വിരാജ് എന്ന ഉത്തരം കിട്ടിയതോടെ നോവൽ ആസ്വാദകർക്കൊപ്പം സിനിമ പ്രേമികളും ആവേശത്തിലായി.
എന്നാൽ, വലിയൊരു ക്യാൻവാസിൽ പകർത്തിയ നോവൽ എങ്ങനെ ചലച്ചിത്ര രൂപത്തിലാക്കുമെന്ന ചർച്ചകളും ഇതിനൊപ്പം ഉയർന്നിരുന്നു. ഇടക്കാലത്ത് സിനിമയെ കുറിച്ചുള്ള വാർത്തകളൊന്നും പുറത്തു വരാതായതോടെ ‘ആടുജീവിതം’ ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വരാൻ തുടങ്ങി. 2017 ൽ ബ്ലെസി, ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനമില്ലാത്തതാണെന്നും ‘ആടുജീവിതം’ എന്ന സിനിമ സംഭവിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നു സംവിധായകൻ വ്യക്തമാക്കിയതോടെ പ്രേക്ഷകരും വായനക്കാരും വീണ്ടും ആവേശത്തിലായി.
Story highlight:’Pride in Prithviraj’; The fan’s Facebook post is impressive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here