Advertisement

പ്രളയ ദുരിതാശ്വാസ ക്യാമ്പിന്റെ പേരിൽ പണപ്പിരിവ്; സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

June 1, 2020
Google News 1 minute Read

കളമശേരിയിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പിന്‍റെ പേരിൽ പണപ്പിരിവ് നടത്തിയ സിപിഐഎം നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ നിഷാദിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം നേതാവിനെതിരായ പരാതി പൊലീസ് തള്ളിയതോടെ കാക്കനാട് മജിസ്ട്റ്റ് കോടതി നേതാവിനെതിരെ കേസ് എടുക്കാൻ ഉത്തരവിടുകയായിരുന്നു.

കളമശേരി കൊല്ലം കു‍ടിമുകളിൽ നടത്തിയ ക്യാമ്പിന്‍റെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പണം പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പൊലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികൾ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിർദേശം നിലനിൽക്കെയാണ് നഗരസഭ കൗൺസിലർ കൂടിയായ നിഷാദ് വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്. 2018 ലാണ് സംഭവം. സിപിഐഎം നേതാവിനെതിരായ പരാതി ആദ്യം പൊലീസ് തള്ളി. പിന്നീട് പൊതു പ്രവർത്തകനായ മാഹിൻകുട്ടി കാക്കനാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം ഐപിസി 406, 417, 420 വകുപ്പുകൾ ചേർത്ത് തൃക്കാക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി.

ഇതിനിടെ നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടി. കൊവിഡ് പശ്ചത്തലത്തിലായതിനാൽ അന്വഷണ ഉദ്യോദസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനും ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യലും അറസ്റ്റും പൂർത്തിയാക്കി പ്രതിയെ ജാമ്യത്തിൽ വിട്ടത്. നിഷാദിന്‍റെയും ബന്ധുക്കളുപടെയും അക്കൗണ്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. സിപിഐഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ പണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഒരു കോടി എൺപത്തി ആറായിരം രൂപയുടെ തട്ടിപ്പിന്‍റെ വിശദാംശങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

story highlights- flood in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here