ഉത്രാ വധക്കേസ്; സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും

അഞ്ചലിൽ ഉത്രാ വധക്കേസിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. അതേസമയം, ഒന്നാം പ്രതി സൂരജിനെ അന്വേഷണ സംഘം നാലു ദിവസം കൂടി കസ്റ്റഡിയിൽ വാങ്ങി.
ഗൂഢാലോചന തെളിയിക്കാൻ സൂരജിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ നാലു ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിന് നേരത്തെ അറസ്റ്റിലായ അച്ഛൻ സുരേന്ദ്രനും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. അമ്മയേയും സഹോദരിയെയും വിളിച്ചു വരുത്തി നാലുപേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഉത്രയുടെ കൊലപാകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബത്തിന് പങ്കുണ്ടോയെന്ന് കണ്ടെത്തനാണിത്.
സൂരജിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയിൽ വൈരുധ്യം ഉള്ളതിനാൽ ചോദ്യം ചെയ്യൽ നിർണായകമാണ്. ഉത്രയ്ക്ക് വീട്ടുകാർ നൽകിയ 96 പവൻ സ്വർണാഭരങ്ങളിൽ 75 പവനെപ്പറ്റി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചു. ബാക്കിയുള്ളവ സ്വകാര്യ ആവശ്യത്തിനായി വിറ്റെന്നാണ് സൂരജിന്റെ മൊഴി. സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയിൽ കിട്ടുന്നതിന് വനം വകുപ്പ് ഉടൻ കോടതിയെ സമീപിക്കും. ഇരുവർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.
Story highlight: Uthra murder case; Sooraj’s mother and sister will be questioned again today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here