ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ മൺസൂൺകാല ട്രോളിംഗ് നിരോധനം. 52 ദിവസം നീണ്ടു നിൽക്കുന്ന നിരോധനം ജൂലൈ 31ന് അർദ്ധരാത്രി അവസാനിക്കും. ഹാർബറിലെയും തീരപ്രദേശങ്ങളിലെയും ഡീസൽ ബങ്കറുകൾ ട്രോളിംഗ് നിരോധന കാലയളവിൽ അടച്ചിടും. ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള മത്സ്യസമ്പത്തിനായി കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.
52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനമാണ് സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുക. യന്ത്രവത്കൃത ബോട്ടുകളടക്കം എല്ലാ ഡീസൽ ബങ്കറുകളും അടച്ചിട്ടാണ് ട്രോളിംഗ് നിരോധനം. ഇതരസംസ്ഥാന ബോട്ടുകളും ജൂൺ ഒൻപതിന് മുൻപായി തീരം വിട്ടുപോകണമെന്ന നിർദേശമുണ്ട്. ഇതോടെ ദുരിതത്തിലായിരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് ഇനി കൂടുതൽ പ്രതിസന്ധിയുടെ കാലമാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഇവരുടെ ജീവിതത്തെ നേരത്തെ തന്നെ ദുരിതത്തിൽ ആക്കിയിരുന്നു. തുടർന്ന് ലോക്ക് അഴിഞ്ഞു തുടങ്ങിയപ്പോഴാണ് കടലിലെ ന്യൂനമർദ്ദങ്ങളും ഇവരെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ട്രോളിംഗ് നിരോധനത്തിന് മുൻപേയുള്ള കരുതിവയ്ക്കലും ഇല്ലാതായി. സർക്കാർ സഹായം ഭാഗികമായി മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ട്രോളിംഗ് നിരോധനം. ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കർശന നപടികളാണ് സ്വീകരിക്കുക. ഈ കാലയളവിൽ ഇനി സർക്കാർ നൽകുന്ന സഹായങ്ങൾ മാത്രമാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈത്താങ്ങ്.
trolling ban starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here