ഡല്‍ഹിയില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രിംകോടതി

Covid; Supreme Court of India criticizes Delhi govt

ഡല്‍ഹിയില്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായിട്ടാണ് കൊവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രിംകോടതി. സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചിതറി കിടക്കുന്നു. ഇങ്ങനെയാണെങ്കില്‍ മൃതദേഹങ്ങള്‍ ചവറ്റുകൂനയിലും കണ്ടെത്തുമെന്ന് കോടതി പറഞ്ഞു. കൊവിഡ് രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍ നിന്ന് കോടതി വിശദീകരണം തേടി.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിലും മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കുന്നതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പരാമര്‍ശങ്ങള്‍ ഇങ്ങനെ: ഞെട്ടിക്കുന്നതാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം. 2000 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ രോഗികള്‍ ആശുപത്രിയില്‍ പ്രവേശനം കിട്ടാന്‍ നെട്ടോട്ടം ഓടുകയാണ്. കിടക്കകള്‍ തരപ്പെടുത്തി കൊടുക്കാന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങളുടെ കാര്യത്തില്‍ ഗുരുതര അലംഭാവമാണ്. രോഗി മരിച്ച വിവരം പോലും ബന്ധുക്കളെ അറിയിക്കുന്നില്ല. എന്തിനാണ് കൊവിഡ് പരിശോധനകള്‍ കുറയ്ക്കുന്നതെന്ന് കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞു. കൃത്രിമ കണക്ക് സൃഷ്ടിക്കുകയാണോ ഉദ്യേശമെന്നും ചോദിച്ചു. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഓര്‍മിപ്പിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച കോടതി, തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാല് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രസര്‍ക്കാരും മറുപടി സമര്‍പ്പിക്കണം. ജൂണ്‍ 17ന് കേസ് വീണ്ടും പരിഗണിക്കും.

 

Story Highlights: Covid; Supreme Court of India criticizes Delhi govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top