Advertisement

ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുത്: സാമൂഹിക അകലം അതിപ്രധാനമെന്ന് മന്ത്രി കെകെ ശൈലജ

June 14, 2020
Google News 2 minutes Read
Minister KK Sailaja

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയ സാഹചര്യത്തില്‍ ജാഗ്രത കുറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ രോഗവ്യാപനം തടയാന്‍ ഏറെ സഹായിച്ചിരുന്നു. എങ്കിലും ഒരു രാജ്യത്തിനും ഏറെക്കാലം ദൈനംദിന പ്രവര്‍ത്തനങ്ങളുടെ എല്ലാ വാതിലുകളും അടച്ചിടാന്‍ കഴിയില്ല. അത് വലിയ കഷ്ടപ്പാടിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടും. ഇക്കാരണത്താല്‍ കൊവിഡിനോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിനുള്ളത്. ഇത് മുന്നില്‍ കണ്ടാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയത്. അല്ലാതെ കൊറോണ വൈറസ് അവസാനിച്ചു എന്നാരും കരുതരുത്. ഇപ്പോഴും പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുഗതാഗതവും സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ആരാധനാലയങ്ങളും തുറന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതാണ്. സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക്ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് വിലക്കില്ലെങ്കിലും മാതൃകയാകേണ്ട രാഷ്ട്രീയ പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. രാഷ്ട്രീയ പരിപാടികളിലോ, മതപരമായ ചടങ്ങുകളിലോ, ആഘോഷങ്ങളിലോ കൂട്ടമായി പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും കൊവിഡ് രോഗബാധയുണ്ടെങ്കില്‍ അവരില്‍ നിന്ന് വൈറസ് സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്. അതിനാല്‍ തന്നെ സ്വന്തം രക്ഷയെ കരുതിയും നേതാക്കന്‍മാരുടേയും സമൂഹത്തിന്റേയും രക്ഷയെ കരുതിയും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കേണ്ടതാണ്. ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ പ്രതിഷേധ പരിപാടികളിലായാലും പങ്കെടുക്കാവൂ. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുകയോ ചെയ്യണം. ഇത്തരം പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും സ്വയം സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ എല്ലാവരും സ്വയം നിര്‍ബന്ധിതരാകണം. മാസ്‌ക്കും സാമൂഹിക അകലവും ജീവിതത്തിന്റെ ഭാഗമാക്കുക. രോഗ പകര്‍ച്ചയുടെ കണ്ണിപൊട്ടിക്കാനായി ബ്രേക്ക് ദ ചെയിന്‍ പരിപാടി തുടര്‍ച്ചയായി നടപ്പിലാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടകളും ഇക്കാര്യം ശ്രദ്ധിക്കണം. ബസ് സ്റ്റോപ്പുകളില്‍ നില്‍ക്കുമ്പോഴും സാമൂഹിക അകലം പാലിച്ച് മാത്രം നില്‍ക്കുക. ബസുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും തിക്കിതിരക്കുണ്ടാവാതെ സാമൂഹിക അകലം പാലിക്കണം. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര ഒഴിവാക്കേണ്ടതാണ്. ബസുകളില്‍ തിരക്ക് കൂട്ടാതാരിക്കാനായി കൂടുതല്‍ സമയം കണ്ടെത്തി യാത്ര ചെയ്യേണ്ടതാണ്. നിര്‍ബന്ധമായും മാസ്‌ക്ക് ഉപയോഗിക്കുക. യാത്രയ്ക്ക് ശേഷം കൈകള്‍ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകേണ്ടതാണ് മന്ത്രി പറഞ്ഞു.

ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നമ്മള്‍ കൊവിഡിനെ ശക്തമായി പ്രതിരോധിച്ചിരുന്നു. മെയ് 4 മുതല്‍ ചെക്ക് പോസ്റ്റ് വഴിയും മെയ് 7 മുതല്‍ എയര്‍പോര്‍ട്ട് വഴിയും മെയ് 10 മുതല്‍ സീപോര്‍ട്ട് വഴിയും വഴിയും മെയ് 14 മുതല്‍ ട്രെയില്‍ വഴിയും മെയ് 25 മുതല്‍ ഡൊമസ്റ്റിക് ഫ്‌ളൈറ്റ് വഴിയും യാത്രക്കാര്‍ എത്തിക്കൊണ്ടിരുന്നു. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ക്രമേണ വലിയ തോതില്‍ ഉയര്‍ന്നു. ചെക്ക്‌പോസ്റ്റ് തുറക്കുന്നതിന് മുമ്പ് അതായത് മെയ് 3 വരെ ആകെ 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 334 പേര്‍ കേരളത്തിന് പുറത്ത് നിന്നും യാത്രകളിലൂടെ വന്നവരാണ്. 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 4 മുതല്‍ ജൂണ്‍-13 വരെ 1908 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 1694 പേര്‍ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 214 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്.

കേരളത്തില്‍ നാം നടപ്പിലാക്കിയ കര്‍ശനമായ ക്വറാന്റീന്‍ വ്യവസ്ഥകളാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുടെ തോത് വലിയ തോതില്‍ കുറയ്ക്കാന്‍ സാധിച്ചത്. ലോകത്തിന്റെ മറ്റ് പല രാജ്യങ്ങളിലേയും നമ്മുടെ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ വെളിയില്‍ നിന്ന് വന്നവരില്‍നിന്ന് കണ്ടെത്തിയ രോഗബാധിതരുടെ എണ്ണത്തിന്റെ എത്രയോ മടങ്ങാണ് അവരില്‍ നിന്ന് പകര്‍ന്നു കിട്ടിയവരുടെ എണ്ണമെന്ന് കാണാന്‍ കഴിയും. അതുകൊണ്ടാണ് നിയന്ത്രണാതീതമായി രോഗം പടരുന്നതും മരണസംഖ്യ ക്രമാതീതമായി ഉയരുന്നതും. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതാണ് സ്ഥിതി. ജനസാന്ദ്രത വളരെ കൂടുതലായ കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇങ്ങനെയൊരു സ്ഥിതിയുണ്ടായാല്‍ എത്രയോ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. സാമൂഹ്യ പുരോഗതിയുടെ ഭാഗമായി കേരളത്തിനുണ്ടായ നേട്ടമാണ് ഉയര്‍ന്ന പ്രതീക്ഷിത ആയുസ്. ആയതിനാല്‍ കേരളത്തിലെ ജനസംഖ്യയുടെ 14 ശതമാനത്തിലേറെ 60 വയസിനുമേല്‍ പ്രായമുള്ളവരാണ്. കൊവിഡ് ബാധിച്ചാല്‍ ജീവഹാനി സംഭവിക്കാന്‍ സാധ്യത ഏറെയുള്ളത് പ്രായം ചെന്നവര്‍ക്കും മറ്റ് വിവിധ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ്. അതുകൊണ്ട് പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും തീരെ ചെറിയ കുട്ടികളും രോഗപ്പകര്‍ച്ച സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് പൂര്‍ണമായും അകലം പാലിച്ച് നില്‍ക്കണം (റിവേഴ്‌സ് ക്വാറന്റീന്‍). ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

മെയ് മൂന്നിന് മുന്‍പ് മൂന്ന് പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം മെയ് നാലിന് ശേഷം 16 മരണങ്ങളാണ് ഉണ്ടായത്. മരണമടഞ്ഞവരില്‍ 13 പേരും കേരളത്തിന് വെളിയില്‍ നിന്നും വന്നതാണ്. ഇവരില്‍ 13 പേര്‍ 60 വയസിന് മുകളില്‍ ഉള്ളവരുമാണ്. ചെറുപ്പക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ് എന്നല്ല ഇതിനര്‍ത്ഥം. ലോകത്തില്‍ സമൂഹ വ്യാപനം ഉണ്ടായ ഇടങ്ങളില്‍ നല്ല ആരോഗ്യമുള്ളവരും മരണത്തിന് കീഴടങ്ങിയതായി കാണുന്നു. എന്നാല്‍ അമിതമായ ഭയം ഉണ്ടാകേണ്ടതില്ല. നിബന്ധനകളും നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാല്‍ അപകടം ഉണ്ടാകാതെ രക്ഷപ്പെടാം എന്ന് കേരളത്തിന്റെ ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നുണ്ട്. അശ്രദ്ധമൂലം രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിയാല്‍ ഓരോ വ്യക്തിയെയും ശ്രദ്ധിച്ചു കൊണ്ടുള്ള ചികിത്സാ സംവിധാനം താളം തെറ്റും. അതിനിടയാക്കരുത്. എല്ലാ തരത്തിലുള്ള കൂട്ടായ്മകളും തത്കാലത്തേക്ക് മാറ്റിവയ്ക്കാം. വളരെ അത്യാവശ്യമായ കാര്യങ്ങള്‍ക്ക് കൃത്യമായ അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും മാത്രം പുറത്തിറങ്ങണം. കേരള ജനത ഒറ്റക്കെട്ടായി കൊവിഡിനെ പ്രതിരോധിക്കുമെന്ന് നമുക്ക് തെളിയിക്കണം. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമുണ്ടെന്നും മന്ത്രി കെകെ ശൈലജ വ്യക്തമാക്കി

Story Highlights: covid 19, social distance is vital; Minister KK Sailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here