ചുവപ്പ്
കഥ/ സിമി സദാനന്ദന്‍
പരസ്യരംഗത്ത് വിഷ്വലൈസർ. ആർട്ട്‌ലോക്കർ സ്‌പോട്ടിന്റെ സംരംഭക കൂടിയാണ് ലേഖിക.
‘ചുവന്ന ലൈറ്റ് കത്തിയാല്‍ ട്രെയിന്‍ വരൂന്നാണോമ്മേ?”
റെയില്‍പാളത്തിലെ പാറക്കല്ലുകളില്‍ തട്ടിത്തടഞ്ഞു നടക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
ആ നേര്‍ത്ത ശബ്ദത്തില്‍ പേടി നിഴലിച്ചത് അമ്മ തിരിച്ചറിഞ്ഞു. അവള്‍ക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായം വരെ വൈകിപ്പിച്ചതെന്തിനെന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. അവളുടെ കയ്യില്‍ മുറുക്കെപിടിച്ച് ഒന്നുകൂടെ വേഗതയില്‍ നടന്നു. ആ കുഞ്ഞിക്കൈകളില്‍ ചോരക്കറ പറ്റിപ്പിടിച്ചിരുന്നു.
അവള്‍ ഒന്നും കണ്ടില്ല. ഒരു ശബ്ദവും കേട്ടില്ല. ഹേമ ടീച്ചര്‍ പറഞ്ഞുകൊടുത്ത കഥയിലെ ഉണ്ണിമാലാഖയെ സ്വപ്നം കണ്ടുറങ്ങുകയായിരുന്നു. ഒരേങ്ങലോടെ അമ്മ തന്നെ വാരിയെടുത്തു പുറത്തേക്കോടുമ്പോള്‍ ഉണ്ണിമാലാഖ തന്നെയും കൊണ്ടു സ്വര്‍ഗത്തിലേക്ക് പോവുകയാണെന്നാണ് കരുതിയത്. സ്വപ്നമാണെന്ന് മനസിലായിട്ടും വീണ്ടും വീണ്ടും കണ്ണുകളടച്ച് ബാക്കി സ്വപ്നത്തിലേക്ക് ഊളിയിടാന്‍ ശ്രമിച്ചു. പക്ഷെ ആ കഥ എവിടെയോ നഷ്ടപ്പെട്ടുപോയിരുന്നു.
അല്ലെങ്കിലും അവളുടെ കഥയില്‍ മാലാഖമാരുണ്ടായിരുന്നില്ല. ചെകുത്താന്മാരുടെ മുന്നില്‍പ്പെടുന്നതോര്‍ത്ത് ഉണ്ണിമാലാഖമാരും പേടിച്ചിട്ടുണ്ടാവണം. പക്ഷെ, അവരെപ്പോലെ മന്ത്രവടി വീശി അപ്രത്യക്ഷയാവാനുള്ള വിദ്യ അവള്‍ക്കറിയില്ലല്ലോ.
നോട്ടങ്ങള്‍ തിരിച്ചറിയും മുന്‍പേ സ്പര്‍ശങ്ങളെ ഭയപ്പെട്ടുതുടങ്ങിയതാണ്. ഒരിക്കല്‍ സാറ്റ്കളിക്കിടെ ഒളിച്ചിരിക്കാനിടം തേടിയത് വഴിയരികില്‍ തകരാറുവന്നുകിടന്നൊരു ഓട്ടോയ്ക്കുള്ളിലാണ്. അകത്തു, തിളങ്ങുന്ന ചുവപ്പു സ്റ്റിക്കറൊട്ടിച്ച ഓട്ടോറിക്ഷക്കുള്ളില്‍ കയറിവന്ന് ‘അയല്‍ക്കാരന്‍ ആങ്ങള’ വായപൊത്തിപ്പിടിച്ചപ്പോള്‍ ശ്വാസം മുട്ടിപ്പിടഞ്ഞതും ശരീരത്തിലൂടെ കൈകള്‍ അരിച്ചിറങ്ങിയപ്പോള്‍ ജീവന്‍ പോകുന്നതുപോലെ കുതറിയതും ഭയത്തിന്റെ ആദ്യത്തെ വിത്തുവിതക്കലായിരുന്നു. അമ്മ പണിക്കുപോകുമ്പോള്‍, തന്നെ നോക്കാനേല്‍പ്പിച്ചിട്ടു പോകാറുള്ള വീട്ടിലെ ചേട്ടായിയുടെയും കൈകളുടെ ചലനങ്ങളെ ആയിരുന്നു പേടി.
ഒറ്റയ്ക്കാവുന്നതേ പേടിയായിരുന്നു. ഒറ്റയ്ക്കിരുന്നാല്‍ എപ്പോള്‍ വേണമെങ്കിലും പുറകിലൂടെ, അരികിലൂടെ, ഇരുട്ടിലൂടെ കുറെ കൈകള്‍ തന്റെ മേല്‍ വന്നു വീഴുമെന്ന പേടി. പേടിച്ച് പേടിച്ചു പേടിച്ച് അമ്മയോടു പറയുമ്പോള്‍ അമ്മയും വായ പൊത്തിപ്പിടിച്ചു. അവളെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു നിശബ്ദമായി കരഞ്ഞു. ആരോടും പറയാന്‍ പാടില്ലാത്തൊരു പേടിയായി അവളുടെ കഥ. അതില്‍പ്പിന്നെ അമ്മ അവളെ കളിയ്ക്കാന്‍ വിട്ടിട്ടില്ല. സ്‌കൂള്‍ വിട്ടു വന്നിട്ടും അമ്മ പണി കഴിഞ്ഞെത്തിയില്ലെങ്കില്‍ വീട്ടില്‍ അടച്ചുപൂട്ടിയിരിക്കാനായിരുന്നു നിര്‍ദേശം. ഒന്ന് ആഞ്ഞുതള്ളിയാല്‍ തുറക്കുന്ന വാതില്‍ അകത്ത് നിന്ന് പൂട്ടി ഉള്ളിലെ ഇരുട്ടില്‍ ദൂരെ ട്രെയിനിരമ്പുന്ന ശബ്ദവും കേട്ട് ഒറ്റക്കിരിക്കുന്നതും പേടിയല്ലാതെ മറ്റൊന്നും സമ്മാനിച്ചില്ല.
എല്ലാ പേടികളെയും അവസാനിപ്പിക്കാനുള്ളൊരു യാത്രയായിരുന്നു അത്. ഇരുട്ടില്‍ ഉറങ്ങിക്കിടന്ന അവളുടെ കുഞ്ഞു ശരീരത്തിലേക്ക് നുരച്ചുകയറിയവന്റെ കഴുത്തില്‍ ആഴ്ത്തിയിറക്കിയ കത്തി പടര്‍ത്തിയ രക്തം ആ വീടിനെ മുക്കിക്കളയും മുന്‍പ് അമ്മ അവളെയും വാരിയെടുത്ത് പുറത്തേക്കോടി.
നടത്തമവസാനിപ്പിച്ച് ഇരുവരും റെയില്‍ പാളത്തില്‍ ഇരുന്നു.
ചുവപ്പു സിഗ്‌നല്‍ അണഞ്ഞു. എല്ലാ രക്തക്കറകളെയും മായ്ക്കാന്‍ ഉണ്ണിമാലാഖ പാഞ്ഞടുക്കുന്നതു കണ്ട് അവള്‍ ഒന്നുകൂടെ പേടിച്ചു.
Story Highlights: chuvapp short story, readers blog
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here