നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ പുനഃരാരംഭിച്ചു

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പുനഃരാരംഭിച്ചു. നടിയുടെ ക്രോസ് വിസ്താരമാണ് ആദ്യം നടക്കുന്നത്. കൊവിഡിനെ തുടർന്ന് 3 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിചാരണ പുനരാരംഭിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യുഷന്റെ പ്രാഥമിക വിസ്താരം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്ന് വിചാരണ നടപടികൾ തടസപ്പെട്ടു. മാർച്ച് 24ന് ശേഷം വിസ്താരം നടന്നിട്ടില്ല. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രിംകോടതി നിർദേശം. കേസിലെ ഒന്നാം സാക്ഷിയും ഇരയുമായ നടിയുടെ ക്രോസ് വിസ്താരത്തിന് 3 ദിവസമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനായി നടി ഇന്ന് കോടതിയിൽ ഹാജരായി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രതികൾ നേരിട്ട് ഹാജരാകുന്നില്ല. അഭിഭാഷകർ മാത്രമാണ് കോടതിയിലെത്തുന്നത്.
നടിയുടെ എതിർ വിസ്താരം പുർത്തിയായാൽ നടിയുടെ സഹോദരൻ, നടി രമ്യാ നമ്പീശൻ, നടൻ ലാലിന്റെ ഡ്രൈവർ എന്നിവരുടെ എതിർ വിസ്താരവും നടക്കും. നടൻ സിദ്ദിഖ്, നടി ഭാമ എന്നിവരുടെ നിർണായക മൊഴികളും രേഖപ്പെടുത്താനുണ്ട്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനി എട്ടാം പ്രതി നടൻ ദിലീപ് എന്നിവരടക്കം 10 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
Story highlight: Case against assaulting actress Trial proceedings were resumed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here