ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു

wwe star undertaker resigned 

ഡബ്ല്യുഡബ്ല്യുഇ (വേള്‍ഡ് റെസ്‌ലിംഗ് എന്‍ര്‍ടെയ്ന്‍മെന്റ്) ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 30 വർഷം നീണ്ട കരിയറിനാണ് ഇപ്പോൾ തിരശീല വീണിരിക്കുന്നത്. അവസാനത്തെ ഒരു പോരാട്ടം കൂടി കഴിഞ്ഞ് വിട പറയുമെന്നാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം അറിയിച്ചത്. ഉചിതമായ സമയത്താണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ഇനി തിരികെ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരം ഡബ്ല്യുഡബ്ല്യുഇ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.


ഏഴ് തവണ ലോക ചാമ്പ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടർടേക്കർ. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാർഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണൽ റെസ്‌ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്. മാർക്ക് വില്ല്യം കൽവെ എന്ന യഥാർത്ഥ പേരിനു പകരം അണ്ടർടേക്കർ എന്ന പേരും സ്വീകരിച്ചു.

Read Also: സമൂഹമാധ്യമങ്ങളിലൂടെ അവഹേളനവും വിമർശനവും; ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ 24ആം വയസ്സിൽ വിരമിച്ചു


90കളിലാണ് അദ്ദേഹം റിങ്ങിൽ വിസ്മയങ്ങൾ തീർത്തത്. ഡബ്ല്യുഡബ്ല്യുഇയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അണ്ടർടേക്കർ. ഇടിക്കൂട്ടിലേക്കുള്ള എൻട്രിയിലെ നാടകീയതയും സ്റ്റൈലിഷായ മൂവുകളും അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സമ്മാനിച്ചു. റസൽമാനിയയിൽ അദ്ദേഹം കുറിച്ച തുടർച്ചയായ 21 വിജയങ്ങൾ ഒരു റെക്കോർഡ് ആണ്. 2018 ൽ ജോൺ സീനയെ മൂന്ന് മിനിട്ടിൽ പരാജയപ്പെടുത്തിയതും അദ്ദേഹത്തിൻ്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഇടക്ക് അദ്ദേഹം ഇടിക്കൂട്ടിൽ നിന്ന് വിട്ടു നിന്നെങ്കിലും ഏറെ വൈകാതെ ശക്തമായി തിരികെ എത്തിയിരുന്നു.

Story Highlights: wwe star undertaker resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top