ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകാന്‍ രണ്ടു പദ്ധതികളുമായി കെഎസ്എഫ്ഇ

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രണ്ടു പദ്ധതികളുമായി കെഎസ്എഫ്ഇ. ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും, കുടുംബശ്രീ മിഷനുമായി സഹകരിച്ച് ലാപ്‌ടോപ് വാങ്ങാന്‍ പണം ലഭ്യമാക്കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയുമാണ് ആരംഭിക്കുന്നതെന്ന് ധനകാര്യമന്ത്രി ഡോ ടിഎം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യപദ്ധതിയില്‍ തദ്ദേശസ്ഥാപനം ടിവി സ്ഥാപിച്ച് പഠനസൗകര്യമൊരുക്കാന്‍ പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി പ്രദേശത്തെ കെഎസ്എഫ്ഇ ബ്രാഞ്ചില്‍ പട്ടിക നല്‍കിയാല്‍ പദ്ധതിക്കുള്ള 75 ശതമാനം സഹായത്തുക രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചെക്കായി നല്‍കും. 25 ശതമാനം തുക തദ്ദേശസ്ഥാപനം വഹിച്ചാല്‍ മതി. പദ്ധതിക്കായി ടിവി ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങി സ്ഥാപിച്ചുകഴിഞ്ഞാല്‍ യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനം കെഎസ്എഫ്ഇക്ക് നല്‍കണം.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുറമേ വിവിധ ഏജന്‍സികള്‍ക്കും ഇത്തരത്തില്‍ കേന്ദ്രങ്ങളൊരുക്കാം. മത്സ്യഫെഡ് ആരംഭിക്കുന്ന പഠനകേന്ദ്രങ്ങള്‍ക്കുള്ള ചെക്ക് കൈമാറി മന്ത്രി ഡോ ടിഎം തോമസ് ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ പിപി ചിത്തരഞ്ജന്‍ ചെക്ക് ഏറ്റുവാങ്ങി. ഇതിനകം 110 പഠനകേന്ദ്രങ്ങള്‍ മത്സ്യഫെഡ് ആരംഭിച്ചിട്ടുണ്ട്. 40 കേന്ദ്രങ്ങള്‍ കൂടി തുടങ്ങും. ഈ പദ്ധതി ഭംഗിയായി നടത്തുന്ന പഠനകേന്ദ്രങ്ങളെ പ്രതിഭാതീരമായി ഉയര്‍ത്തും.
കെഎസ്എഫ്ഇ-കുടുംബശ്രീ മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ ലാപ്‌ടോപ്പ് വാങ്ങുന്നതിന് പണം ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് തയാറാക്കിയ ലാപ്‌ടോപ്പുകള്‍ ഐടി വകുപ്പ് എം പാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് ലഭ്യമാക്കും. പ്രതിമാസം 500 രൂപവെച്ച് 30 മാസം കൊണ്ട് തീരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 30 മാസം കൊണ്ട് അടയ്‌ക്കേണ്ട ആകെ തുകയായ 15,000 രൂപയില്‍നിന്നും അഞ്ചുശതമാനം കുറച്ച് 14250 രൂപ പദ്ധതി ആരംഭിച്ച് മൂന്നുമാസത്തിനുള്ളില്‍ ആവശ്യമുള്ള അംഗങ്ങള്‍ക്ക് ലാപ്‌ടോപ് വാങ്ങാന്‍ കൈപ്പറ്റാം. കൃത്യമായി പണം തിരിച്ചടക്കുന്ന അംഗങ്ങളുെട മൂന്നു തവണ സംഖ്യകള്‍ കെഎസ്എഫ്ഇ അവര്‍ക്കുവേണ്ടി അടയ്ക്കും. അതായത് കൃത്യമായ തിരിച്ചടവ് നടത്തുന്ന അംഗങ്ങള്‍ക്ക് 1500 രൂപ ഇളവ് ലഭിക്കും.
ഇതിനുപുറമേ, ജനപ്രതിനിധികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും ലാപ്‌ടോപ്പ് വാങ്ങുന്ന കുടുംബശ്രീ അംഗങ്ങളെ സഹായിക്കാനായി സബ്ഡിസി തുക ഈ പദ്ധതിയിലേക്ക് കൈമാറാം. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് ഈ തുകയുടെ ആനുകൂല്യം ലഭ്യമാക്കും. ലാപ്‌ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങള്‍ക്ക് 13ാമത്തെ തവണ മുതല്‍ പണത്തിന് അപേക്ഷിക്കാം. 13ാമത്തെ തവണ വാങ്ങുന്നവര്‍ക്ക് 15408 രൂപയും 25ാമത് തവണ വാങ്ങുന്നവര്‍ക്ക് 16777 രൂപയും ചിട്ടി അവസാനിച്ചശേഷം വാങ്ങുന്നവര്‍ക്ക് 16922 രൂപയുമാണ് ലഭിക്കുക. അതത് സ്ഥലങ്ങളിലെ കെഎസ്എഫ്ഇ ശാഖയേയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും കൂട്ടിയിണക്കിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കുക.\
Story Highlight: KSFE two projects to support online learning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here