തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണം: ഇന്നുമുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും കടകള്‍ തുറക്കാന്‍ അനുവാദം

സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇന്നുമുതല്‍ പത്തുദിവസം ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും നഗരത്തിലെ കടകള്‍ തുറക്കുക. കണ്ടൈന്‍മെന്റ് സോണുകളിലേക്കുള്ള കൂടുതല്‍ റോഡുകള്‍ അടച്ചിട്ടുണ്ട്. ഓട്ടോകളിലും ടാക്‌സികളിലും ട്രിപ്പ് ഷീറ്റ് നിര്‍ബന്ധമാക്കി.
കണ്ടൈന്‍മെന്റ് സോണുകളായ കാലടി, ആറ്റുകാല്‍, മണക്കാട് ചിറമുക്ക്, ഐരാണിമുട്ടം, കടകംപള്ളി, കരിക്കകം എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി. റോഡുകള്‍ അടച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ ഈ പ്രദേശങ്ങളില്‍ നിന്നു യാത്ര അനുവദിക്കുന്നില്ല. ചാല, പാളയം മാര്‍ക്കറ്റുകളിലെ പഴം, പച്ചക്കറി കടകള്‍ ഇനി മുതല്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കു. ആദ്യദിവസമായതിനാല്‍ ഇന്ന് ഇളവ് നല്‍കിയിട്ടുണ്ട്.
ഇറച്ചി, പലചരക്ക്, ഇതരകടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ നഗരത്തിലിറങ്ങുന്ന ആളുകളെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പകുതി മീന്‍കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. തെരുവോരങ്ങളിലെ മീന്‍വില്‍പനയും നിയന്ത്രിക്കും. മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നാലുദിവസം മാത്രം പ്രവര്‍ത്തിക്കും. ബാക്കി ദിവസങ്ങള്‍ ഹോം ഡെലിവറി ഡേ ആയിരിക്കും. നിയന്ത്രണങ്ങള്‍ തെറ്റിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലും നഗരസഭയിലും മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഓട്ടോയിലും ടാക്‌സിയിലും രജിസ്റ്ററും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Story Highlights: Strict restriction in Thiruvananthapuram city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here