Advertisement

തോട്ടപ്പള്ളി കരിമണൽ ഖനനം; എതിർക്കുന്നവർക്ക് പിറകിൽ മാഫിയയെന്ന് മന്ത്രി ഇ പി ജയരാജൻ

June 27, 2020
Google News 1 minute Read

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെ എതിർക്കുന്നവർക്ക് പിന്നിൽ മാഫിയയെന്ന് മന്ത്രി ഇ പി ജയരാജൻ. കെഎംഎംഎൽ ലാഭത്തിൽ ആകുന്നതിൽ പ്രതിപക്ഷത്തിന് അസൂയയാണ്. അവിടെ നിന്നെടുക്കുന്ന കരിമണൽ ഉപയോഗിക്കുന്നതിലുള്ള തെറ്റെന്തെന്ന് മന്ത്രി ചോദിച്ചു. ജോലിയില്ലാത്ത തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനാണ് മണലെടുപ്പ്. ഇപ്പോൾ നടത്തുന്ന പ്രതിഷേധങ്ങളൊക്കെ മണൽ കടത്തലുകാർക്ക് വേണ്ടിയാണ്. കരിമണൽ പ്രയോജനപ്പെടുത്തണോ വേണ്ടയോ എന്ന ഘടകകക്ഷിയായ സിപിഐ ആലോചിക്കണമെന്നും ജയരാജൻ.

സ്പിൽവേയ്ക്ക് മണൽ തടസമാണ്. ഈ അസംസ്‌കൃത വസ്തു ഉപയോഗിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായീകരണമാണുള്ളതെന്ന് മന്ത്രി ചോദിച്ചു. ആയിരക്കണക്കിന് ജോലിക്കാർക്ക് തൊഴിൽ നൽകാൻ സാധിക്കുന്നത് എന്തിനാണ് തടയുന്നതെന്നും മന്ത്രി. ഇത് ചെയ്യുന്നത് ജനങ്ങൾക്ക് വേണ്ടിയാണോ കരിമണൽ കള്ളക്കടത്തുകാർക്ക് വേണ്ടിയാണോ എന്നും മന്ത്രിയുടെ ചോദ്യം.

മണൽ നീക്കം വെള്ളമൊഴുക്ക് തടസപ്പെടാതിരിക്കാനാണ്. കോടതി സർക്കാർ നടപടികളെ അംഗീകരിച്ചു. വാരിക്കൂട്ടിയ മണൽ മഴ വന്നാൽ തിരിച്ചൊഴുകുമെന്നും കരിമണൽ ലോബിക്ക് വേണ്ടിയാണ് ചിലരുടെ വാദമെന്നും മന്ത്രി.

Read Also: കൊവിഡ് ചികിത്സയ്ക്ക് ഇന്ത്യയിൽ ഡെക്‌സാമെത്താസോൺ മരുന്ന് ഉപയോഗിക്കാൻ തീരുമാനം

അതേസമയം നിരോധനാജ്ഞ നിലനിൽക്കെ തോട്ടപ്പള്ളിയിൽ കരിമണൽ നീക്കത്തിനെതിരെ ജനകീയസമരസമിതി സത്യാഗ്രഹസമരം നടത്തി. സംഘർഷസാധ്യതയും കൊവിഡ് വ്യാപനവും കണക്കിലെടുത്ത് മേഖലയിൽ കളക്ടർ ഇന്നലെ അർധരാത്രിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനകീയ സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാറിന് സർ സിപി സിൻഡ്രോമാണെന്ന് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത വി എം സുധീരൻ പറഞ്ഞു.

തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്നുള്ള കരിമണൽ നീക്കത്തിനെതിരെ ജനകീയ സമരസമിതിയുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചായിരുന്നു വി എം സുധീരന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരം. എന്നാൽ ഇന്നലെ തോട്ടപ്പള്ളിയുൾപ്പെടുന്ന പുറക്കാട് പഞ്ചായത്തിലും സമീപത്തുള്ള തൃക്കുന്നപ്പുഴ പഞ്ചായത്തിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. തോട്ടപ്പള്ളിയിലെ ജനങ്ങളെ സർക്കാരാണ് സമരത്തിലേക്ക് തള്ളിവിട്ടതെന്നായിരുന്നു വി എം സുധീരന്റെ വിമർശനം. പിണറായി സർക്കാർ കരിമണൽ ലോബിയുടെ വക്താക്കളായി മാറിയിരിക്കുന്നു എന്ന് സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിമണൽ നീക്കത്തിനെതിരായ ജനകീയ സമരസമിതിയുടെ സമരം 29 ദിവസം പിന്നിട്ടിരിക്കുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ മണൽ നീക്കം നടക്കുന്നത്.

 

thottappally karimanal issue, e p jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here