തമിഴ്‌നാട്ടിൽ പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ ഓട്ടോ ഡ്രൈവർ മരിച്ചു

തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും വിവാദ കസ്റ്റഡി മരണത്തിൽ പ്രതിഷേധ ഒടുങ്ങുന്നതിന് മുൻപ് തമിഴ്‌നാട് പൊലീസിന് എതിരെ മറ്റൊരു മരണത്തിന്റെ കറ കൂടി. ഓട്ടോ ഡ്രൈവറായ കുമരേശൻ ആണ് പൊലീസിന്‍റെ ക്രൂരമര്‍ദനത്തിന് ഇരയായി മരിച്ചത്. പൊലീസ് കസ്റ്റഡിയിൽ ആയിരിക്കെ ക്രൂര പീഡനത്തിന് ഇരയായ കുമരേശന്‍റെ മരണം ആശുപത്രിയിൽ വച്ചായിരുന്നു. ഇയാളുടെ മരണത്തിൽ പ്രതിഷേധം വർധിച്ചതിനെ തുടർന്ന് രണ്ട് പൊലീസുകാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്. കുമരേശന്റെ കുടുംബം കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പരുക്കേറ്റ് ആശുപത്രിയിലായപ്പോഴാണ് ക്രൂരമായ പീഡനം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതായി കുമരേശൻ പറഞ്ഞത്. ഇക്കാര്യം പുറത്ത് പറയരുതെന്നും പറഞ്ഞാൽ പിതാവിനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും കുമരേശൻ പറഞ്ഞിരുന്നു.
Read Also: ഇന്ത്യൻ ഭൂമി കൈയേറാൻ വരുന്നവരെ ചെറുത്ത് തോൽപിക്കും: പ്രധാനമന്ത്രി
പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച കുമരേശൻ ഒരു ദിവസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ശേഷം രക്തം ചർദ്ദിച്ചു. സുരണ്ടായിലെ ആശുപത്രിയിലെത്തിച്ച കുമരേശനെ പിന്നീട് തിരുനൽവേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 15 ദിവസത്തെ ആശുപത്രി വാസത്തിന് ഇടയിലാണ് സ്റ്റേഷനിൽ വച്ച് പൊലീസിന്റെ ക്രൂര പീഡനത്തിന് ഇരയായ വിവരം കുമരേശൻ പറഞ്ഞത്. ആന്തരികാവയവങ്ങൾക്ക് എല്ലാം ഗുരുതര ക്ഷതമുണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അച്ഛനും മകനും കൊല്ലപ്പെട്ടത്. ഇതിലും പ്രതിഷേധം തമിഴ്‌നാട്ടിൽ കനക്കുകയാണ്.
auto driver death, tamil nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here