Advertisement

കടൽക്കൊലക്കേസിൽ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

July 4, 2020
Google News 1 minute Read

കടൽക്കൊലക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ അർഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടൽ തുടക്കത്തിലും അന്താരാഷ്ട്ര ട്രിബ്യൂണലിലെ നടപടികളിലും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലിൽ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണൽ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വർദ്ധിപ്പിച്ചിരിക്കുകയാണ്. സുപ്രിംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കിൽ, കുറ്റവാളികൾ ഇറ്റലിയിലെ കോടതിയിൽ നീതിപൂർവമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്രതലത്തിൽ ഇന്ത്യാഗവൺമെന്റ് സമ്മർദമുയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: കടൽക്കൊല കേസ്; വിധിക്ക് എതിരെ അപ്പീൽ നൽകില്ലെന്ന് ഇന്ത്യ

പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട മറ്റു നഷ്ടങ്ങൾക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രിബ്യൂണൽ വിധിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉയർന്ന നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം. കൂടിയാലോചനകളിലൂടെ ഇത് സാധ്യമാകുന്നില്ലെങ്കിൽ നിശ്ചിത സമയപരിധിക്കകം (ഒരു വർഷം) ട്രിബ്യൂണലിനെ സമീപിക്കണം. കുറ്റവാളികൾ ഇന്ത്യയിലെ വിചാരണയിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഈ പ്രശ്‌നത്തിൽ മറ്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

story highlights- Enrica lexie, Pinarayi Vijayan, Narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here