Advertisement

ചരമക്കോളം

July 7, 2020
Google News 9 minutes Read

പ്രസാദ് ശശി/കഥ

പരസ്യ ചിത്രനിർമാണ രംഗത്ത് സംവിധായകനായും കണ്ടന്റ് റൈറ്ററായും പ്രവർത്തിക്കുന്നു

എറണാകുളം നഗരം

ജനത ഹൗസിംഗ് ബോർഡ് കോളനിയിൽ 15 സിയിൽ താമസിക്കുന്ന പാലക്കാട് ചെർപ്പുളശേരി ത്രിക്കടിരിക്കാരൻ പന്നിയംപറമ്പിൽ തീർത്തി മകൻ കുഞ്ഞുണ്ണി എന്ന കുഞ്ഞു, 74 വയസ്. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

എന്ന് ദുഃഖാർത്ഥനായ മൈക്കിൾ എന്ന മാത്തൻ.

‘സാർ ഇത്രേം പോരെ മാറ്റർ’. ആ റൈറ്റർ എഴുതിയത് കുഞ്ഞുവിനെ കാണിച്ചു. കുഞ്ഞു മൊത്തത്തിൽ ഒന്ന് വായിച്ചു നോക്കിയിട്ട് തന്റെ നീട്ടി വളർത്തിയ കൊമ്പൻ മീശയിൽ ഒന്നുഴിഞ്ഞു കൊണ്ട്…. ‘ഹാ, ഇത് ജോർ ആണ്….’

‘അല്ല സാറേ, സാറിന്റെ ആരാ കുഞ്ഞു?’… റൈറ്റർ ചോദിച്ചു.

കുഞ്ഞു ഒരു കവിത പോലെ അയാൾക്ക് പറഞ്ഞു കൊടുത്തു.

‘ഉടലും ഉരുവും ഒട്ടി നിക്കും. ഈ പാഴ് വസ്ത്രമത് മുന്നിൽ നിൽക്കും കുഞ്ഞുവല്ലോ കേമൻ’. റൈറ്റർ ഒന്നും മനസിലാവാതെ പോലെ വാ പൊളിച്ചു നിന്നു. ഇത് അടുത്ത ആഴ്ചത്തെ എഡിഷനിൽ കേറണം.’ കുഞ്ഞു പറഞ്ഞു. ടൈപ്പിസ്റ്റ് തലയാട്ടി. അരക്ക് മുകളിൽ തന്റെ പാന്റ് കുഞ്ഞു വലിച്ചു കയറ്റി. ആ കാലൻ കുടയും എടുത്തു റോഡിലേക്ക് ഇറങ്ങി നടന്നു. മഴ നനുത്ത് പെയ്യുന്നുണ്ട് കുഞ്ഞു ഫഌറ്റിന്റെ മുന്നിൽ എത്തി. സെക്യൂരിറ്റി മാത്തൻ അവിടെ നിപ്പുണ്ട് …

അയാൾ നീട്ടി വിളിച്ചു ചോദിച്ചു. ‘കുഞ്ഞു ചേട്ടോ എന്നാ ഉച്ചക്ക് ഈ മഴേം കൊണ്ട് എവിട പോയേച്ചും വരുവാ’? കുഞ്ഞു കയ്യിലെ പേപ്പർ കക്ഷത്ത് വച്ചുകൊണ്ട് ‘ഓ മാത്താ….(മൈക്കിൾ എന്ന് വിളിപ്പേരുള്ള കുറിയനായ മാത്തൻ. കുഞ്ഞൂന്റെ ഒറ്റപ്പെടലിൽ എന്നും കൂട്ടായിട്ട് അയാളുണ്ടാവാറുണ്ട്). മാത്തൻതന്നെക്കാൾ പൊക്കമുള്ള ആ ഇരുമ്പ് ഗേറ്റിന്റെ കമ്പി വിടവിലൂടെ എത്തി വലിഞ്ഞു ചോദിച്ചു.’ഞാനാ പത്രം ഓഫീസ് വരെ ഒന്നു പോയതാണ്’.

‘അതെന്നാ പത്രം ഇവിടെ വരത്തില്ലയോ, മാത്തനോട് പറഞ്ഞാ പോരാര്‌ന്നോ? കാലത്തേ പാലിന്റെ കൂടെ മുറിൽ കൊണ്ട് എത്തിക്കില്ലിയോ’. കുഞ്ഞു അയാള്‌ടെ അടുത്തേക്ക് വന്നു.

‘പത്രം വാങ്ങാൻ ഒന്നും അല്ലടോ. ഞാൻ ഒരു പരസ്യം കൊടുക്കാൻ പോയതാ’

മാത്തൻ: മുഖത്ത് ആകാംഷയോടെ’എന്നാ പരസ്യാ’

കുഞ്ഞു: ‘അടുത്ത ആഴ്ച പത്രത്തിൽ വരും കണ്ടോ’…

മാത്തൻ: കൈ പുറകിൽ കെട്ടി കാലൊക്കെ ഒന്ന് ചലിപ്പിച്ചു ഒരു ആകാംഷ ഭാവത്തോടെ. ‘അതെന്നതാ ഒരു മൂടിവയ്പ്പ്?’

കുഞ്ഞു ചുറ്റിനും ഒന്ന് ശ്രദ്ധിച്ചുകൊണ്ട്, മാത്തന്റെ ചെവിയിൽ ചെന്ന് പതിയെ പറഞ്ഞു.

കുഞ്ഞു: ‘ഞാൻ മരിച്ചതിന്റെ അറിയിപ്പ്’

മാത്തന് ഒന്നും മനസിലായില്ല. അതയാളുടെ മുഖം ഒന്ന് കുറുകി, പുരികം ഒന്ന് വലിഞ്ഞു നിന്നു. അത് മനസിലാക്കി കൊണ്ടെന്നോണം കുഞ്ഞു ഒന്നൂടെ പറഞ്ഞു.

കുഞ്ഞു: ‘എടാ, ഈ മരിച്ചു കഴിയുമ്പോ ചരമക്കോളത്തിൽ കൊടുക്കുലേ അത്.’

മാത്തൻ: ‘അത് മരിക്കുമ്പോ കൊടുത്താ പോരെ. ചേട്ടായിനെ കണ്ടാ ഇനീം അടയ്ക്ക തെയ് പോണ പോലെ നീണ്ടു പോവാനുള്ള ആയുസുണ്ട്.’

കുഞ്ഞു: ‘ചുമ്മാ ഇരിക്കട്ടെടെ. ചത്തു കഴിഞ്ഞു നമ്മടെ പേർ പത്രത്തിൽ വരുന്നത് കാണാൻ നമ്മൾ ഇണ്ടാവൂല്ലാല്ലോ? അത് മുന്നേ കണ്ടിട്ട് ചാവുമ്പോ ഒരു സുഖം അല്ലെ?’

ഇത് പോലത്തെ പല വട്ടു വിളിച്ചു പറച്ചിലുകൾ അയാൾക്കുള്ളതാണ്. അക്കാരണത്താൽ മാത്തൻ അത് കാര്യമാക്കി എടുത്തില്ല.

മാത്തൻ: ‘ചേട്ടൻ പോയാട്ട്. കഞ്ഞി വല്ലോം കുടിക്ക് ചെല്ല്. ചുമ്മാ ഓരോന്ന് ചെയ്‌തോണ്ട് നടന്നോണം.’

കുഞ്ഞു ചിരിച്ചുകൊണ്ട്, തന്റെ കയ്യിലെ കറുത്ത കാലൻ കുട കറക്കി ഒരു ചെറിയ മൂളി പാട്ടും പാടി നടന്നു. പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു. ദൂരെ വാ. പ്രാവെല്ലാം പാറി പോകെ. ഒരല്പം നടന്നു തിരിഞ്ഞു നിന്നുകൊണ്ട് കുഞ്ഞു മാത്തനോട് പറഞ്ഞു, ‘മാത്തോ ഇച്ചിരി കഴിഞ്ഞാ പോന്നേക്ക്, വൈദ്യം ഇണ്ട്’…

മാത്തൻ അതിനു ചെറു സന്തോഷത്തോടെ സമ്മതം മൂളി..

ഇതൊക്കെയാണ് കുഞ്ഞു. തിരക്ക് പിടിച്ച നഗരത്തിന് നടുവിൽ ഒറ്റയായും കൂട്ടമായും പായുന്നവരുടെ ഇടയിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു റിട്ടേർഡ് ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ. അയാൾ എന്നും ഒറ്റ പ്പെട്ടാണ് ജീവിതകാലം മുഴുവൻ ഉന്തി നീക്കിയിരുന്നത്. വാർധക്യത്തിന്റെ വിഴുപ്പ് ചുമക്കേണ്ടിവരുന്നതിനാൽ ബന്ധങ്ങൾ എല്ലാം ബന്ധനങ്ങൾ എന്ന് കരുതി ഏകാന്തതയുടെ വിസ്മൃതിയിലേക്ക്. ആരെയും ബുദ്ധിമുട്ടിക്കാൻ ഇഷ്ടമില്ലാതെ ജന്മദേശം വിട്ട് ഫർലോങ്ങുകൾ അപ്പുറം താണ്ടി ഇന്ന് ഈ നഗരത്തിന്റെ ഊഷ്മാവിൽ ലയിച്ചു കഴിയുന്നു.

ഫ്‌ളാറ്റിന്റെ വാതിൽ തുറന്ന് കുഞ്ഞു തന്റെ ശീലകയർ കൊണ്ട് മെടഞ്ഞ കട്ടിലിൽ ഇരുന്നു. പത്തു കൊല്ലം മുൻപ് അവസാനമായി പെരിങ്ങിൽ കുത്തിലെ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ അന്നത്തെ ഫോറസ്റ്റ് റേഞ്ചർ നാരായണൻ തന്നാതാണ്. അതിരപ്പിള്ളി കാടിന്റെ മരം കോച്ചുന്ന തണുപ്പത്ത് ചാലക്കുടി പുഴയുടെ ഓളങ്ങളെ നിലാവത്ത് കണ്ടു കിടക്കാൻ തന്നെ ചുമന്ന കട്ടിൽ. താൻ ഇതുവരെ ഏറ്റവും നന്നായി ഉറങ്ങിയതും ഈ കട്ടിലിൽ ആണെന്ന് കുഞ്ഞു ഓർത്തു. അയാൾ കട്ടിലിനെ തഴുകി പറഞ്ഞു, ഇനി നിനക്ക് എന്നെ അധികം ചുമക്കേണ്ടി വരില്ല. വിശ്രമിക്കാം, പക്ഷെ ഞാൻ പോയാല് നിന്നെ ആരെങ്ങിലും ഒക്കെ എടുത്തു വല്ല തട്ടുമ്പുറത്തോ വിറകിനോ കൊടുക്കുമായിരിക്കും അല്ലേ?. കൊല്ലം പതിനാല് കഴിഞ്ഞു ഈ ഒറ്റക്കുള്ള വാസം തോടങ്ങീട്ട്. അതിന് അറുതി വരുത്താനാ മരണം എന്നൊരു വല്യ തീരുമാനം കുഞ്ഞു എടുത്തത്. മരണത്തിന് തന്റെ ഒറ്റപെടൽ നികത്താൻ കഴിയും എന്ന് കുഞ്ഞു ഉറച്ചു വിശ്വസിച്ചു.

ഒരു പഴയ ടേപ്പ് റെക്കോർഡറും ഒന്ന് രണ്ടു പത്രങ്ങളും കുറച്ചധികം പുസ്തകങ്ങളും കാലൊടിഞ്ഞ മേശയും വാ കീറിയ ഒരു പ്ലാസ്റ്റിക് കുടവും സമ്പാദ്യമായുള്ള ഒരു ഒറ്റ മുറി ആണ് കുഞ്ഞുവിന്റേത്. വിശാലമായി മയങ്ങുന്ന നഗരത്തിൽപാർക്കാൻ അത്രേം സൗകര്യം മതിയാർന്നു, മാസം സർക്കാർ പെൻഷനും. വാടക ഒഴിച്ച് മിച്ചം വരുന്ന തുകയിൽ അയാൾ സന്തോഷവാനും. ഒരു മോറിസൺ ചിന്ത എന്നും കുഞ്ഞുവിന്റെ കൂടെ ഇണ്ടാർന്നു.’Have nothing in your houses that you do not know to be useful or believe to be beautiful’.-വല്യ വായനകൾ ഒന്നും അയാളിലില്ല, എങ്കിലും സ്വവീക്ഷണം കൊണ്ട് ആശയ സമൃദ്ധനായിരുന്നു കുഞ്ഞു. നേരം ആറ് മണിയായി. പതിവ് സേവ തുടങ്ങേണ്ട സമയമായി. ഡ്യൂട്ടി കഴിഞ്ഞ് എത്തുന്ന മാത്തൻ കുഞ്ഞുവിന്റെ അടുത്ത് രണ്ടണ്ണം മോന്തി ആഗോള ചർച്ചകൾ നടത്തിയിട്ടേ പിരിയൂ. കട്ടിലിന്റെ അടിയിൽ വച്ച തന്റെ ഹെർക്കുലീസിന്റെ കുപ്പി കുഞ്ഞു എടുത്തുവച്ചപ്പോഴേക്കും മാത്തൻ കതകിൽ മുട്ടി.

മാത്തന് രാവിലെ മുതൽ വൈകുന്നേരം വരെ സെക്യൂരിറ്റി പണി എടുത്താൽആറായിരം ഉറുപ്പിക.
ചെലവ് കഴിഞ്ഞ് ഒരു കുപ്പി കള്ളിന് പോലും അയാളുടെ കയ്യിൽ കാശുണ്ടാവില്ല. അതുകൊണ്ടുതന്നെ കുഞ്ഞു ആ സേവനം അയാൾക്ക് വേണ്ടി നടത്തി പോരുന്നു.

മാത്തൻ: ‘ചേട്ടോ ഇച്ചിരെ ബീഫ് ഉണ്ട്, ഉച്ചക് പൊതിച്ചോറിന്റ കൂടെ വച്ചതാ ഞാൻ ശകലം മാറ്റി.

കുഞ്ഞു: ‘ആ നീ വേഗം ഇരി’.

മാത്തൻ കറപറ്റിയ ആ ഗ്ലാസിൽ രണ്ടണ്ണം ഒഴിച്ചു. ആ മുറിയുടെ ജനലിൽ നിന്ന് പുറത്തു നോക്കിയാൽ കായൽ കാണാം. ഓളം വെട്ടി കിടക്കുന്ന കായലിൽ നനുത്ത ചാറ്റൽ മഴ തുള്ളികൾ പളുങ്കു മണികൾ പോലെ വെള്ളത്തിൽ പെയ്തിറങ്ങുന്നു. ഒരണ്ണം ആഞ്ഞു വലിച്ചിട്ട് മാത്തൻ ചോദിച്ചു, ‘ചേട്ടോ എന്നാ ഇപ്പൊ ഒരു മരണം ഭയം ഒക്കെ’

കുഞ്ഞു കായലിൽ ഒരു ഒറ്റ വള്ളം തുഴഞ്ഞ് പോകുന്നത് നോക്കി ഒഴിച്ച് വച്ചത് എടുത്തു കഴിച്ചു. പച്ച വെള്ളത്തെക്കാൾ ലാഘവത്തിൽ അയാൾ അത് അകത്താക്കി. പൊതിഞ്ഞു വച്ച ബീഫ് എടുത്ത് ഒന്ന് രുചിച്ചു.’ഓ മരണഭയം ഒന്നും അല്ലടാ, ഈ പത്രത്തിന്റെ ചരമക്കോളം നീ ശ്രദ്ധിച്ചിട്ടുണ്ടോ, എന്നും പുതുമയുള്ള വാർത്തകൾ, പുതുമയുള്ള മുഖങ്ങൾ, പണ്ട് അത് ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണുമ്പോ ഒരു സുഖം ഇല്ലാരുന്നു. ഇപ്പൊ പ്രിന്റ് ഒക്കെ കളർ ആയതുകൊണ്ട്ഫോട്ടോ അടിച്ചു വരുമ്പം കാണാൻ ഒരു ഇതൊക്കെ ആണ്…’

മാത്തൻ രണ്ടാമത് ഒഴിച്ചു കൊണ്ട്

‘ചേട്ടന് ഇത്രേം പഠിപ്പും വിവരോം ഒക്കെ ഉണ്ടായിട്ട് ഇമ്മാതിരി പ്രാന്ത് കാണിക്കണോ, ദേ ഇത് ഇങ്ങനെ രണ്ടണ്ണം അടിച്ചിട്ട് ഒരു ലെവൽ ആയി, ആ ഗേറ്റിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കണം, മുന്നിൽ ഇങ്ങനെ എന്നേക്കാൾ പൊക്കത്തിൽ കുറേ ഫ്‌ളാറ്റുകൾ, തേനീച്ച കൂടുപോലെ ഓരോന്നിലും കാണുന്ന വെളിച്ചങ്ങൾ, അതിൽ കുറെ ആളുകൾ റോഡിലാണേൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന കുറെ വണ്ടികൾ, ആളുകൾ ഇതൊക്കെ കണ്ടാ തീരാവുന്നതേ ഉള്ളു ഈ മാത്തന്റെ വിഷമം. ചേട്ടന് എന്നാ വിഷമം’.

കുഞ്ഞു: ‘ഓ എന്ത് വിഷമം, ഞാനും ഈ കാഴ്ചയൊക്കെ കണ്ടിട്ടുണ്ട് ഇതിലും നല്ലത്’
മാത്തൻ: ‘ആ പിന്നെ എന്നാ’അയാൾ എഴുന്നേറ്റ് കാലൊന്നു കുടഞ്ഞു. ‘ഓ നിലത്തിരുന്നാ അപ്പം കോച്ചി പിടിക്കും.ഞാൻ പോവാണ് ഗേറ്റിൽ കണ്ടില്ലേ അത് മതി. ഇന്ന് രാത്രി നിൽക്കണം’.

മാത്തൻ എഴുന്നേറ്റ് പോയി. ആ മുറി വീണ്ടും നിശബ്ദമായി. കുഞ്ഞു കായലിലേക്ക് നോക്കി നിന്നു. മഴ കനക്കുന്നു.

കരകളിൽ നേർത്ത് മിന്നുന്ന വെളിച്ചങ്ങൾ. യാന്ത്രിക ലോകത്തിന്റെ നക്ഷത്ര വിളക്കുകൾ. മുന്നിൽ പകർന്ന് വച്ച മദ്യം. ഭൂതകാലത്തിലേക്ക് തിരഞ്ഞുനോക്കുമ്പോൾ കാടിന്റെ ഏകാന്തതയാണ്. തീർത്തും വന്യം. തിരികെ നാട്ടിലേക്ക് ചെന്നിട്ടില്ല. ബാംഗ്ലൂർ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മകൾക്കരികിൽ നിന്ന് പത്‌നി പോയതിന് ശേഷം തുടർ കണ്ടുമുട്ടലുകളോ അന്വേഷണമോ ഇല്ല. എന്റെ ഉന്മാദങ്ങൾ എന്റെ സ്വാതന്ത്ര്യങ്ങൾ മറ്റുള്ളവർക്ക് അപകർഷണമാണെങ്കിൽ മാറി നടക്കുക എന്നയാൾ എന്നും ചിന്തിച്ചിരുന്നു. രാത്രി ഇരുട്ടി വെളുത്തു. മാത്തൻ രാവിലെ പാൽ കുപ്പിക്കൊപ്പം പേപ്പറും കൊണ്ടുവന്നു തന്നു.
ഇന്ന് എന്നാ പതിവില്ലാതെ പത്രം ഒക്കെ.

‘ചരമക്കോളം നോക്കാൻ’മാത്തന്റെ ഉത്തരം കേട്ട് കുഞ്ഞു ഒന്ന് കുലുങ്ങി ചിരിച്ചു. കൊമ്പൻ താടി ഒന്നുഴിഞ്ഞു. ഇത് കണ്ട മാത്തൻ, ‘ജീവിച്ചിരിക്കുമ്പോ കാണണ്ടേ നിങ്ങൾ ചത്ത പടം’

കുഞ്ഞു: ‘എടാ അതിന് സമയമായിട്ടില്ല ആവുമ്പൊ നോക്കാം’.

മാത്തൻ: ‘ഇന്ന് എന്നാ പരിപാടി’

‘മഴ അല്ലെ, ആലപ്പുഴെ ചെല്ലണം, കൈനകരിയിൽ അവിടെ കുറച്ചു നേരം പാടത്തും കായലിന്റെ വരമ്പത്തൂടെയും നടക്കണം, സൗത്തീന്ന് ബസ് ഉണ്ടാവും, ചെല്ലട്ടെ’

ഈ ഇടക്കുള്ള പോക്ക് കുഞ്ഞുവിന് എന്നും ഉള്ളതാ. മാത്തൻ . പെട്ടന്നൊരു വരവുവരും. എന്തെങ്കിലും ഒക്കെ പൊതിയായിട്ട്, കഴിഞ്ഞ തവണ കൊടൈക്കനാൽ പോയിവന്നപ്പോ തനിക്ക് തന്ന മുളവടി മാത്തനെ നോക്കി ക്യാബിനിൽ ഇരിക്കുന്നു.

പകലും രാത്രിയും ഒരു തീവണ്ടിയുടെ കടന്നു പോക്കെന്നപോലെ പോയി.

കായലിൽ പലതവണ മഴ തിമർത്തു പെയ്തു. കുഞ്ഞു വന്നില്ല. മാത്തന് കുഞ്ഞുവിന്റെ ഒരു വിടവിന്റെ വേദന, അയാൾ ചിലപ്പോൾ കുഞ്ഞുവിന്റെ ആ ഒറ്റമുറി തുറന്നു നോക്കും. ആ കട്ടിലും ആ പുസ്തകവും ഓക്കെ അയാൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ തോന്നും. ഒഴിഞ്ഞ മദ്യക്കുപ്പികൾ എന്തോ പറയാൻ ഏങ്ങി നിൽക്കുന്ന പോലെ മാത്തന് തോന്നി. പ്രതീക്ഷയുടെ ചൂട്ടു വെളിച്ചവും കത്തിച്ച് ആ രാത്രിയും ഇരുട്ടി വെളുത്തു. ഗേറ്റിൽ കുഞ്ഞു വന്നില്ല, പത്രം വന്നു വീണിരിക്കുന്നു. ചരമ കോളത്തിൽ ആണല്ലോ എന്നും പുതുമയുള്ള മുഖങ്ങൾ എന്ന് കുഞ്ഞു പറഞ്ഞത് മാത്തൻ ഓർത്തു. വെറുതെ ആ പേജ് ഒന്ന് വിടർത്തി നോക്കി. ഒരു നാല് ഇഞ്ച് ചതുര കോളത്തിൽ കുഞ്ഞു മാത്തനെ നോക്കി ചിരിക്കുന്നു. താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു

ജനത ഹൗസിംഗ് ബോർഡ് കോളനിയിൽ 15 സിയിൽ താമസിക്കുന്ന പാലക്കാട് ചെർപ്പുളശേരി ത്രിക്കടിരിക്കാരൻ പന്നിയംപറമ്പിൽ തീർത്തി മകൻ കുഞ്ഞുണ്ണി എന്ന കുഞ്ഞു, 74 വയസ്. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

എന്ന് ദുഃഖാർത്ഥനായ മൈക്കിൾ എന്ന മാത്തൻ.

മാത്തൻ പത്രം മടക്കി സ്വയം പിറുപിറുത്തു. ഇങ്ങേർക്ക് തനി വട്ടു തന്നെ, ഇനി ഇങ്ങോട്ട് കേറി വരുമ്പോ പുതിയ വള്ളി എന്നാണാവോ കൊണ്ടുവരുന്നേ. മാത്തന്റെ കണ്ണുകളിൽ കണ്ണീരിന്റെ തുള്ളികൾ അയാളുടെ കാഴ്ചയെ തടഞ്ഞു. ഒന്നും മിണ്ടാതെ അയാൾ ആ ഗേറ്റിന് പുറത്തേക്ക് കണ്ണോടിച്ചു. അപരിചിതരായ കുറേ ആളുകൾ വാഹനങ്ങൾ, ഫ്‌ളാറ്റുകളിലെ വെളിച്ചം, പക്ഷെ കുഞ്ഞു മാത്രം ഇല്ല. എന്നെങ്കിലും വരുമായിരിക്കും. ഒരു ദീർഘ നിശ്വാസത്തോടെ മാത്തൻ ആ ഗേറ്റിൽ മഴ തുള്ളി ഊർന്ന പോലെ അലിഞ്ഞു നിന്നു.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog , Story , Charamakkolam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here