Advertisement

‘മൂത്തോന്റെ റിലീസിന് മുൻപ് എന്തുകൊണ്ട് പരാതിപ്പെട്ടില്ല; പറ്റിയ സമയം കാത്തിരുന്നത് പോലെ’; ഗീതു മോഹൻദാസ്

July 8, 2020
Google News 1 minute Read

കോസ്റ്റിയൂം ഡിസൈനർ സ്റ്റെഫി സേവ്യർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായക ഗീതു മോഹൻദാസ്. സ്റ്റെഫിയുടെ ആരോപണങ്ങളെ തള്ളിയ ഗീതു എന്തുകൊണ്ട് മൂത്തോൻ റിലീസ് ചെയ്യുന്നതിന് മുൻപ് പരാതി രജിസ്റ്റർ ചെയ്തില്ല എന്ന് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ഗീതുവിന്റെ പ്രതികരണം.

വുമൺ ഇൻ സിനിമാ കളക്ടീവ് നേതൃത്വത്തിലുള്ള സംവിധായിക സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി നിശ്ചയിച്ച ശേഷം പ്രതിഫലം ചോദിച്ചപ്പോൾ ഒഴിവാക്കിയെന്ന് സ്റ്റെഫി സേവ്യർ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. പിന്നീട് അയിഷ സുൽത്താന എന്ന സഹസംവിധായിക ഇത് ഗീതു മോഹൻദാസിനെതിരെയുള്ള ആരോപണമാണെന്ന വാദവുമായി എത്തി. ഇതിന് മറുപടിയുമായാണ് ഗീതു എത്തിയിരിക്കുന്നത്. ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് താൻ ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്നും പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നുവെന്നും ഗീതു പറഞ്ഞു. സ്ത്രീകൾ സ്ത്രീകൾക്ക് ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് താൻ. അതുകൊണ്ടു തന്നെ നമ്മൾ തമ്മിൽ ചർച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് താൻ കരുതുന്നതെന്നും ഗീതു ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ സഹപ്രവർത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയാണു ഇതിവിടെ കുറിക്കുന്നത് . മാത്രമല്ല ഈ പ്രശ്‌നം എങ്ങനെ വായിക്കാമെന്ന് മനസിലാക്കേണ്ടത് ഞങ്ങളുടെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളിലും പ്രധാനമാണ്. തികച്ചും പ്രൊഫഷണൽ ആയ കാര്യം ഒരു പൊതു കാര്യം കൂടി ആയ സ്ഥിതിക്ക്.

നിങ്ങളുടെ ആരോപണങ്ങൾക്ക് മറുപടി എഴുതുന്നതിൽ നിന്ന് ഞാൻ എന്നെ തന്നെ വിലക്കിയിരിക്കുകയായിരുന്നു. കാരണം ഒരു വ്യക്തിയെന്ന നിലയിലും ചലച്ചിത്ര പ്രവർത്തക എന്ന നിലയിലും ഞാൻ പറയുന്ന വാക്കുകൾ, ജോലിസ്ഥലത്ത് ഒരു തരത്തിലും നിങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ്. എന്നാൽ നമ്മൾ ജീവിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നമുക്ക് മേലുള്ള ഇടപെടലുകൾ വളരെ ശക്തമാണ്. ഇല്ലെങ്കിൽ, ഒരു സഹപ്രവർത്തകയെ അഭിസംബോധന ചെയ്യാൻ ഞാൻ ഇവിടെ ശ്രമിക്കുമായിരുന്നില്ല.

വളച്ചൊടിക്കപ്പെട്ട സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ ഞാൻ നിങ്ങളെ ഓർമപ്പെടുത്താൻ ആഗ്രഹിക്കുന്നു. കാരണം എന്റെ വീട്ടിൽ വെച്ച് നടന്ന നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ചയിൽ, നമ്മൾ രമ്യതയിൽ പിരിഞ്ഞത് ഞാൻ ഓർക്കുന്നു.

ഒരു സംവിധായകയെന്ന നിലയിൽ എന്റെ വർക്കിലുള്ള പ്രതീക്ഷകൾ നിങ്ങൾ നൽകിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാൻ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. ഒരു പക്ഷെ,
മികച്ചത് നൽകാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടിട്ടുണ്ടാവാം, അല്ലെങ്കിൽ അത് നിങ്ങളെ മനസ്സിലാക്കിക്കുന്നതിൽ പരാജയപ്പെട്ടിട്ടുമുണ്ടാവാം, അത് എന്റെ തെറ്റാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

മുഴുവൻ സിനിമയും മാക്‌സിമ ബസുവാണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്, ഇടക്ക് അവർ പ്രസവാവധിക്ക് പോയപ്പോൾ ഒരു ചെറിയ ഭാഗം ചെയ്യാനാണ് നിങ്ങളോട് ആവശ്യപ്പെട്ടതാണ്. നമ്മളുടെ കൂട്ടുകെട്ട് ഫലപ്രദമായിരുന്നില്ല, നിങ്ങൾ വന്നതിന് ശേഷവും പോയതിന് ശേഷവും സംഭവിച്ച കാര്യങ്ങൾ എന്റെ മുഴുവൻ അഭിനേതാക്കളും അണിയറപ്രവർത്തകരും വ്യക്തമായി അറിയുന്നതുമാണ്.. ഒരു സംവിധായകയെന്ന നിലയിൽ എന്റെ പ്രതീക്ഷകൾ നിങ്ങൾ നൽകിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാൻ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്. നിങ്ങൾ എടുത്തുപറഞ്ഞ ഡയലോഗ് എന്നെ അടുത്ത് അറിയുന്ന ആളുകൾക്ക് അറിയാം ഞാൻ അനാവശ്യ കോപത്തിന് പാത്രമാകാറുണ്ടെന്ന്, അതിൽ ഞാൻ തീർച്ചയായും അഭിമാനിക്കുന്നില്ല. ഒരു പക്ഷേ നിങ്ങൾ സൂചിപ്പിച്ചതിനേക്കാൾ കഠിനം ആയി ഞാൻ സംസാരിച്ചിട്ടുണ്ടാവാം, പക്ഷേ ആ സംഭാഷണത്തിന്റെ സാഹചര്യങ്ങളും നിങ്ങൾ പറഞ്ഞതും തീർത്തും തെറ്റാണ്. നിങ്ങളുടെ വ്യാഖ്യാനത്തിൽ ധാരാളം വസ്തുതാവിരുദ്ധതകൾ ഉണ്ട്.,

നിങ്ങൾ പോയ ശേഷമാണ് എന്റെ ഡിസൈനർ മാക്‌സിമ ചെയ്ത വസ്ത്രങ്ങൾ ഞങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഞങ്ങളുടെ അറിവില്ലാതെ നിങ്ങൾ എടുത്തുകൊണ്ടുപോയതായി എന്റെ ടീം എന്നെ അറിയിച്ചത്.അത് തിരിച്ചു തരാതിരുന്നപ്പോൾ നിങ്ങളുടെ അസിസ്റ്റന്റിനോടാണ് മേൽ പറഞ്ഞ സംഭാഷാണം നടത്തിയത്. നിങ്ങളുടെ അസിസ്റ്റന്റ് നിങ്ങളുടെ മുഴുവൻ പേയ്‌മെന്റും നൽകി തീർപ്പാക്കുന്നതുവരെ വസ്ത്രങ്ങൾ മടക്കിനൽകില്ലെന്ന് ഞങ്ങളെ അറിയിക്കുകയായിരുന്നു ഷൂട്ടിങ്ങിന് രണ്ടു ദിവസം മാത്രമാണ് ശേഷിച്ചിരുന്നത്. നിങ്ങളുടെ സഹായി നൽകിയ സമയത്തിനുള്ളിൽ തന്നെ, എന്റെ നിർമ്മാതാവ് എല്ലാ പേയ്‌മെന്റുകളും നൽകിയതുമാണ്. സംസാരിക്കാനായി ഞാൻ നിങ്ങളെ ആവർത്തിച്ച് വിളിച്ചെങ്കിലും നിങ്ങൾ പ്രതികരിച്ചില്ല.. നിങ്ങളുടെ ആരോപണങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ കഴിഞ്ഞ വർഷം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ എന്തുകൊണ്ട് പരാതി രജിസ്റ്റർ ചെയ്തില്ല? ഈ ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശ്യത്തെയാണ് ഞാൻ ഇപ്പോൾ ചോദ്യം ചെയ്യുന്നത് .പറ്റിയ സമയം കാത്തിരുന്നത് പോലെ തോന്നുന്നു. സ്ത്രീകൾ സ്ത്രീകൾക്കു ഉപദ്രവമാകരുതെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ.അതുകൊണ്ടു തന്നെ നമ്മൾ തമ്മിൽ ചർച്ചക്ക് സാധ്യത ഇനിയും ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്.

അതുകൊണ്ട് ദയവായി കാര്യങ്ങൾ പരിശോധിക്കു,. എന്റെ പ്രവർത്തനങ്ങൾ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഒരു സംഭാഷണത്തിനായി നിങ്ങളെ കാണാൻ ഞാൻ ഇപ്പോഴും തയ്യാറാണ്.

സിനിമാ മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഒരു പ്രത്യേക അഭ്യർത്ഥന ദയവായി എന്നോട് ഐക്യദാർഡ്യം പ്രഖാപിച്ച് ഈ കുറിപ്പ് ഷെയർ ചെയ്യരുത്, കാരണം ഈ വെർച്വൽ സ്‌പേസിൽ കൂട്ടമായി ആളുകളെ ഒറ്റപ്പെടുത്തുന്ന സ്വഭാവം നമ്മൾ ഒരുമിച്ച് നിന്നു അവസാനിപ്പിക്കേണ്ടതുണ്ട്. ഈ പോസ്റ്റ് ശരിയായ ആളുകളിൽ ശരിയായി എത്തുമെന്ന് ഞാൻ കരുതുന്നു. ഞാൻ നിങ്ങൾക്ക് നന്മ നേരുന്നു.

മൂത്തോന്റെ അണിയറ പ്രവർത്തകർക്കാർക്കും തന്നെ ഐഷ സുൽത്താന എന്ന വ്യക്തിയെ അറിയുകയോ ബന്ധപ്പെടാൻ ശ്രമിച്ചിട്ടോ ഇല്ല.ഈ സിനിമയുമായി ഒരു തരത്തിലും ഇടപെടാത്ത ആളുകൾക്ക് എങ്ങനെയാണ് ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുവാൻ കഴിയുന്നത്!

ഗീതു മോഹൻദാസ്

എന്റെ സഹപ്രവർത്തകയുടെ ഈ കുറിപ്പ് എന്നെയും എന്റെ ഫിലിം ടീമിനെയും വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്, ഞങ്ങൾക്കെല്ലാവർക്കും…

Posted by Geetu Mohandas on Wednesday, July 8, 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here