സുശാന്ത് സിംഗ് രാജ്പുത് ചുവട് വച്ച അവസാന ഗാനത്തിലെ ദൃശ്യങ്ങൾ പുറത്ത്

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന സിനിമയിലെ ഗാനരംഗത്തിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ദിൽ ബേചാരാ എന്ന സിനിമയിലെ ടൈറ്റിൽ ട്രാക്കിലെ ദൃശ്യങ്ങളാണ് ഗാനത്തിന്റെ ടീസറിൽ സോണി മ്യൂസിക് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ പൂർണ രൂപം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറത്തിറങ്ങും. അഭിനയത്തോടൊപ്പം നൃത്തത്തിലും തിളങ്ങിയിരുന്നു സുശാന്ത്.
നൃത്തത്തിലൂടെ സ്റ്റേജിലെത്തിയ സുശാന്ത് പിന്നീടാണ് അഭിനയത്തിലും ഒരുകൈ പരീക്ഷിക്കാൻ തീരുമാനിച്ചത്. സുശാന്തിന്റെ നൃത്തം കാണാൻ ആരാധകർ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്. അതേസമയം ചിത്രത്തിന്റെ ട്രെയിലറിന് ലോകത്തിൽ വച്ച് ഏറ്റവും ലൈക്കും യൂട്യൂബിൽ ലഭിച്ചു. മാർവൽ സിനിമാ പരമ്പരയിലെ അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിനെ ഉയർന്ന മാർജിനിൽ മറികടന്നാണ് ദിൽ ബേച്ചാര യൂട്യൂബിൽ ഒന്നാമതെത്തിയത്.
Read Also : അവസാനമായി സുശാന്ത് അഭ്രപാളിയിൽ; ദിൽ ബേച്ചാര ട്രെയിലർ പുറത്തിറങ്ങി
ക്യാൻസർ ബാധിതരായ രണ്ട് പേരുടെ പ്രണയമാണ് ദിൽ ബേച്ചാരയുടെ ഇതിവൃത്തം. കിസി ബാസു എന്ന നായികാ കഥാപാത്രമായി സഞ്ജന സംഗിയും മാനി എന്ന നായക കഥാപാത്രമായി സുഷാന്ത് സിംഗും ചിത്രത്തിൽ എത്തുന്നു. ജോൺ ഗ്രീൻ എഴുതിയ ബെസ്റ്റ് സെല്ലർ നോവൽ ‘ദി ഫാൾട്ട് ഇൻ അവർ സ്റ്റാഴ്‌സ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നോവലിനെ ആധാരമാക്കി നോവലിന്റെ അതേ പേരിൽ മുൻപ് ഇറങ്ങിയ ഹോളിവുഡ് സിനിമ വൻ വിജയമായിരുന്നു.
മുകേഷ് ഛബ്രയുടെ ആദ്യ സംവിധാന സംരംഭമാണ് ദിൽ ബേച്ചാര. നായിക സഞ്ജന സംഗിയും പുതുമുഖം ആണ്. സെയ്ഫ് അലി ഖാനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എ ആർ റഹ്മാൻ ആണ് സംഗീത സംവിധാനം. വരുന്ന 24ന് ഡിസ്‌നി ഹോട്ട്സ്റ്റാറിലാണ് സിനിമ റിലീസാവുക. സുശാന്തിന് ആദരവായി സിനിമയുടെ സൗജന്യമായി കാണാന്‍ സാധിക്കും.
Story Highlights – dil bechara, sushant singh rajput, dance scene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here