വിക്ടർ ജോർജിന്റെ ഓർമകൾക്ക് ഇന്ന് 19 വയസ്

മലയാളികൾക്ക് അത്രമേൽ ദൃശ്യ ഭംഗി സമ്മാനിച്ച വിക്ടർ ജോർജിന്റെ ഓർമകൾക്ക് ഇന്ന് 19 വയസ്. മലയാളിയുടെ ഓരോ മഴ ഓർമകളിലും വിക്ടർ ഇന്നും ഒരു നനുത്ത നൊമ്പരമായി തുടരുകയാണ്. മഴയെ ഇത്രയധികം സ്‌നേഹിച്ച വിക്ടറിന്റെ ക്യാമറയിൽ അവസാനം പകർത്തിയതും മഴയുടെ കോപം നിറഞ്ഞ മുഖങ്ങളായിരുന്നു.
2001 ൽ വെണ്ണിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ മണ്ണിടിച്ചിലിൽപെട്ട് വിക്ടറിന്റെ ജീവൻ പൊലിഞ്ഞത്. കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ.
ജീവിതത്തിന്റെ അവസാന ഫ്രെയിമിൽ നിന്ന് കുടയും ചൂടി വിക്ടർ ജോർജ് മരണത്തിലേക്ക് നടന്നുപോയത് 19 വർഷം മുമ്പാണ്. ഇടുക്കിയിലെ വെള്ളിയാനിയിലുണ്ടായ ഉരുൾപൊട്ടലിന്റെ ചിത്രമെടുക്കാനാണ് മലയാള മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജ്ജ് പോയത്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയിൽ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങൾ കൂടുതലായി പകർത്താൻ ഉരുൾ പൊട്ടി വന്ന വഴിയിലൂടെ വിക്ടർ നടന്നു.
പൊട്ടി വരുന്ന ഉരുൾ വിക്ടർ കണ്ടുകാണില്ല, കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തിൽ വിക്ടർ പുറകിലേക്ക് മറിഞ്ഞുവീണു. സന്തത സഹചാരിയായിരുന്ന nikon fi camera ദൂരേക്ക് തെറിച്ചുപോയി. മരണശേഷം വിക്ടറിന്റെ മഴചിത്രങ്ങളുടെ ആൽബം പുറത്തിറക്കി മനോരമ ആ അതുല്യ ഫോട്ടോഗ്രാഫർക്ക് സ്മരകം ഒരുക്കി.
ഒരോ മൺസൂൺ വന്നുപോകുമ്പോഴും മലയാളികൾ ഓർക്കും വിക്ടർ ജോർജ് എന്ന ഫോട്ടോ ജേർണലിസ്റ്റിനെ. ഒരിക്കൽ കൂടി ഓർത്തെടുക്കും അദ്ദേഹം സമ്മാനിച്ച അപൂർവങ്ങളും അനശ്വരവുമായ ദൃശ്യങ്ങളെ. മകൻ നീൽ വിക്ടറിന് ഇരുപത് കഴിഞ്ഞു. പിതാവിന്റെ വഴിയേ ഫോട്ടോഗ്രഫി തന്നെയാണ് നീലിൻറെയും തിരഞ്ഞെടുപ്പ്.
Story Highlights – victor george memories, 19 years old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here