ടീമിൽ മാനസികാരോഗ്യ വിദഗ്ധനെ നിയമിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ

Cricket Australia mental health

ടീമിൽ മാനസികാരോഗ്യ വിദഗ്ധനെ നിയമിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ടീം അംഗങ്ങളിൽ മാനസിക പ്രശ്നങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന് പശ്ചാത്തലത്തിലാണ് നടപടി. ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ ഉൾപ്പെടെ മൂന്ന് താരങ്ങൾ കഴിഞ്ഞ വർഷം മാനസിക പ്രശ്നങ്ങളെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് ഇടവേള എടുത്തിരുന്നു.

Read Also: ഇക്കൊല്ലം ടി-20 ലോകകപ്പ് നടത്തുക അപ്രായോഗികം: ക്രിക്കറ്റ് ഓസ്ട്രേലിയ

കഴിഞ്ഞ ആഴ്ച പുതിയ പോസ്റ്റിലേക്കുള്ള പരസ്യം ക്രിക്കറ്റ് ഓസ്ട്രേലിയ പുറപ്പെടുവിച്ചിട്ടുണ്ട്. താരങ്ങളുടെ മാനസികാരോഗ്യം മാത്രം ശ്രദ്ധിക്കാനായാണ് പുതിയ നീക്കമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. നിലവിൽ വനിതാ ടീമിനും പുരുഷ ടീമിനും ഓരോ മനശാസ്ത്രജ്ഞന്മാർ ഉണ്ട്. എന്നാൽ പുതിയ ആളെ നിയമിക്കുന്നത് കുറച്ചു കൂടി കൃത്യമായ നിരീക്ഷണം ഉറപ്പാക്കാനാണ്. താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

താരങ്ങളുടെ മാനസികാരോഗ്യത്തെപ്പറ്റി കഴിഞ്ഞ വർഷമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയിൽ ചർച്ചകൾ ശക്തമായത്. മാക്‌സ്‌വെലിനൊപ്പം യുവ താരങ്ങളായ നിക് മാഡിസണും വിൽ പുകോവ്സ്‌കിയും ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം ഇടവേളയെടുത്തിരുന്നു. കൊവിഡ് ബാധയെ തുടർന്ന് താരങ്ങളിൽ വീണ്ടും മാനസിക പ്രശ്നങ്ങൾ ഉണ്ടാവാമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ കണക്കു കൂട്ടുന്നു.

Read Also : മാനസിക സമ്മർദ്ദം; ഗ്ലെൻ മാക്സ്‌വൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു

കഴിഞ്ഞ ഒക്ടോബറിലാണ് മാക്സ്‌വെൽ ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ചത്. ശ്രീലങ്കക്കെതിരായ ടി-20 പരമ്പര നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം ഇടവേളയെടുക്കുകയാണെന്നറിയിച്ചത്. ശ്രീലങ്കൻ പരമ്പരയിലെ ആദ്യ ടി-20യിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. ആദ്യ മത്സരത്തിൽ 28 പന്തുകളിൽ നിന്ന് 62 റൺസെടുത്ത അദ്ദേഹം രണ്ടാമത്തെ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ഇതിനു ശേഷമാണ് ഇടവേളയെടുക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഏറെ താമസിയാതെ അദ്ദേഹം തിരികെ എത്തിയിരുന്നു.

ഇംഗ്ലണ്ട് വനിതാ താരം സാറ ടെയ്‌ലറും മാനസിക സമ്മർദ്ദങ്ങൾ മൂലം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സെപ്തംബറിൽ സാറ ക്രിക്കറ്റിൽ നിന്നു വിരമിക്കുകയും ചെയ്തു.

Story Highlights Cricket Australia to appoint ‘mental health and wellbeing’ expert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top