കൊവിഡ് ഭീതി; ബന്ധുക്കൾ കൈയൊഴിഞ്ഞ ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് ഭാര്യ

കൊവിഡ് ഭീതിയെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞതോടെ ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ച് ഭാര്യ. ബംഗളൂരുവിലെ അതാണിയിലാണ് സംഭവം. കൊവിഡ് മൂലമാണ് മരിച്ചതെന്ന് ആരോപിച്ചാണ് മൃതദേഹം ശ്മശാനത്തിലെത്തിക്കാൻ ബന്ധുക്കൾ തയ്യാറാകാത്തത്. മറ്റൊരു മാർഗവും ലഭിക്കാതെ വന്നതോടെ ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിലാക്കി മക്കൾക്കൊപ്പം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

അതാണിയിൽ ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടിയുടെ (55) മൃതദേഹമാണ് ഭാര്യ ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ചത്. ബുധനാഴ്ചയാണ് സദാശിവ് മരിച്ചത്. ഈ സമയം ഭാര്യയും മക്കളും ബന്ധുവീട്ടിൽ പോയിരുന്നു. പിറ്റേന്ന് ഭാര്യ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സദാശിവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത് കൊവിഡിനെ തുടർന്നാണെന്ന് സംശയിച്ച് അയൽവാസികളും ബന്ധുക്കളും സഹായിക്കാൻ കൂട്ടാക്കാതെ വീടുകളിലേക്ക് മടങ്ങി. തുടർന്ന് ഭാര്യയും മക്കളും ചേർന്ന് മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമായി.

Read Also :നടൻ അജിത്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി

സദാശിവ് ഹിരട്ടിക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്.

Story Highlights Coronavirus, covid fear, Bengaluru

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top