എഞ്ചിനിയർ ജോലി നഷ്ടപ്പെട്ടു; തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളിയായി യുവാവ്

youth enrolls for NREGS work pathanamthitta

ഓട്ടോമൊബൈൽ എഞ്ചിനിയറായിരുന്നു പത്തനംതിട്ട സ്വദേശി കെപി കൃഷ്ണകുമാർ. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയതോടെ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഭാഗമായിരിക്കുകയാണ് ഈ 23-കാരൻ. ഈ തൊഴിൽ മാത്രമേ നിലവിലുള്ളുവെന്നും മരത്തിന്റെ തൈ നടുന്ന ജോലിയാണ് ഇപ്പോൾ താൻ ചെയ്യുന്നതെന്നും കൃഷ്ണകുമാർ പറയുന്നു.

കോഴിക്കോട് അഴീക്കോട് അഞ്ച് ബിരുദധാരികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ 1537 തൊഴിലുറപ്പ് ജോലിക്കാരാണ് പഞ്ചായത്തിലുണ്ടായിരുന്നത്. എല്ലാം സ്ത്രീകളായിരുന്നു. ഈ സംഘത്തിലേക്കാണ് പുതുതായി അഞ്ച് യുവാക്കൾ എത്തിയിരിക്കുന്നത്.

കാസർഗോഡ് ബദിയടുക്കയിൽ ജോലി നഷ്ടപ്പെട്ട യുവാക്കളെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആകർഷിക്കാൻ ക്യാമ്പെയിനുകൾ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കഴിഞ്ഞയാഴ്ച മാത്രം നാല് യുവാക്കളാണ് രജിസ്റ്റർ ചെയ്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read Also : അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം; കാമ്പസുകളില്‍ നിന്ന് 15,000 പേരെ ജോലിക്കെടുക്കാന്‍ എച്ച്‌സിഎല്‍

സാധരണഗതിയിൽ സ്ത്രീകളുടെ രംഗമായാണ് തൊഴിലുറപ്പ് പദ്ധതിയെ നോക്കിക്കാണുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും വരുമാനം നഷ്ടപ്പെട്ട സ്ഥാപനങ്ങൾ യുവാക്കളെ പിരിച്ചുവിടുകയും ചെയ്തതോടെ തൊഴിലുറപ്പ് ജോലിയിലേക്ക് കൂടുതൽ യുവാക്കൾ എത്തുകയാണ്.

നാൽപ്പത് വയസിന് മുകളിലുള്ള സ്ത്രീകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതലായി കാണപ്പെടുന്നത്. 91 ശതമാനവും സ്ത്രീകൾ തന്നെ. എന്നാൽ നിലവിൽ പ്രായ-ലിംഗ വ്യത്യാസങ്ങളുടെ സീമകൾ ലംഘിച്ച് കൂടുതൽ യുവാക്കൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുകയാണ്.

ഇപ്പോഴും തന്റെ ഗ്രാമത്തിലെ യുവാക്കൾക്കിടയിൽ തൊഴിലുറപ്പ് പദ്ധതിയെ പ്രായമായ സ്ത്രീകൾക്ക് വേണ്ടിയുള്ള ജോലി എന്ന തരത്തിലാണ് കാണുന്നത്. എന്നാൽ മറ്റൊരു ജോലി ലഭിക്കുന്നതുവരെ ഈ ജോലി തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കൃഷ്ണകുമാർ പറയുന്നു.

Story Highlights youth enrolls for NREGS work pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top