‘മുഖത്ത് നോക്കി നിങ്ങളെ ആവശ്യമില്ലെന്ന് പറഞ്ഞവരുണ്ട്’; എ ആർ റഹ്മാന് പിന്നാലെ ദുരനുഭവം പറഞ്ഞ് റസൂൽ പൂക്കുട്ടി

ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കമെന്ന് വെളിപ്പെടുത്തി എ ആർ റഹ്മാൻ രംഗത്തെത്തിയതിന് പിന്നാലെ ദുരനുഭവം പറഞ്ഞ് റസൂൽ പൂക്കുട്ടി. എ ആർ റഹ്മാന് പിന്തുണയറിയിച്ച ശേഖർ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് പൂക്കുട്ടിയുടെ ട്വീറ്റ്.
ഓസ്‌കാർ ലഭിച്ചതിന് ശേഷം ഹിന്ദി സിനിമയിൽ തനിക്ക് ആരും അവസരം നൽകാത്ത ഒരു ഘട്ടമുണ്ടായിരുന്നെന്ന് റസൂൽ ട്വീറ്റ് ചെയ്തു. തകർച്ചയുടെ വക്കിലെത്തിയ നിമിഷങ്ങളുണ്ടായിരുന്നു. തങ്ങൾക്ക് നിങ്ങളെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ടായിട്ടുണ്ട്. ഈ വിഷയം തന്റെ അക്കാദമി അംഗങ്ങളുമായി ചർച്ച ചെയ്തപ്പോൾ അവർ തന്നോട് ഓസ്‌കാർ ശാപത്തെക്കുറിച്ച് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also :‘ബോളിവുഡിൽ തനിക്കെതിരെ സംഘടിത നീക്കം; തൊഴിലവസരങ്ങൾ നിഷേധിക്കുന്നു’; തുറന്നു പറഞ്ഞ് എ ആർ റഹ്മാൻ
ബോളിവുഡിൽ തനിക്കെതിരെ ഒരു സംഘം രംഗത്തുണ്ടെന്ന് എ ആർ റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് വരുന്ന പാട്ടുകളെ ചിലർ ഇടപെട്ട് വിലക്കുകയാണെന്നും തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ പരത്തി തൊഴിൽ അവസരങ്ങൾ നിഷേധിക്കുകയാണെന്നും എ ആർ റഹ്മാൻ പറഞ്ഞു. ബോളിവുഡ് സിനിമയ്ക്കായി എന്തുകൊണ്ട് കൂടുതൽ പാട്ടുകൾ ചെയ്യുന്നില്ല എന്നും എ ആർ റഹ്മാൻ വിശദീകരിച്ചു. തനിക്കെതിരെ സംഘം ചേർന്ന് അപവാദ പ്രചാരണം നടത്തുകയാണ്. താൻ ഒരു സിനിമയോടും നോ പറഞ്ഞിട്ടില്ല. പക്ഷേ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവർ തനിക്കെതിരെ തെറ്റായ പ്രചാരണമാണ് നടത്തുന്നതെന്നും റഹ്മാൻ പറഞ്ഞിരുന്നു.
Story Highlights – A R Rahman, Rasool Pookutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here