ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് തകർന്നു; കാറുകൾ പതിനഞ്ചടി താഴ്ചയിലേക്ക് വീണു; വീഡിയോ

edappally vattekkunnam road collapsed

എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിൽ. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വഴിവക്കിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. വട്ടേക്കുന്നം കല്ലറയ്ക്കൽ വർഗീസിന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിടിഞ്ഞുവീണത്. ഈ ഭാഗത്തെ മതിൽ ഇപ്പോഴും അപകടാവസ്ഥയിലാണ്. ഇവിടെയുള്ള കിണറും മൂടിപ്പോയി. മണ്ണിടിയുമ്പോൾ വാഹനങ്ങളിൽ ആരും ഉണ്ടായിരുന്നില്ല.

കൊച്ചിയിൽ ഇന്നലെ രാത്രി മുതൽ പെയ്ത മഴ ഇതുവരെ തോർന്നിട്ടില്ല. കടുത്ത വെള്ളക്കെട്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്. തോരാതെ പെയ്ത മഴയിൽ ആദ്യം വെള്ളത്തിനടിയിലായത് കൊച്ചി നഗരത്തിലെ പി ആൻഡി, ഉദയ, കമ്മട്ടി പാടം തുടങ്ങിയ കോളനികളായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും അധികാരികളുടെ അനാസ്ഥ കാരണം വെള്ളകെട്ടിൽ അകപ്പെട്ട പി ആൻഡി കോളനിയിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

കോടികൾ മുടക്കി ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന പേരിൽ നഗരത്തിലെ കാനകൾ വൃത്തിയാക്കിയെന്ന് ജില്ലാ ഭരണകൂടവും നഗരസഭയും അവകാശപ്പെടുമ്പോഴും ആദ്യ മഴയിൽ തന്നെ നഗരം വെളളത്തിലായി. എംജി റോഡിൽ കടകളിലടക്കം വെള്ളം കയറി. കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി.

Read Also : സംസ്ഥാനത്ത് മഴയും വെള്ളക്കെട്ടും രൂക്ഷം; അടിയന്തര സാഹചര്യത്തിൽ കൈയിൽ കരുതേണ്ടത് എന്തൊക്കെ ?

പശ്ച്ചിമ കൊച്ചിയിലെ പളൂരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറി.തമ്മനം, ചക്കര പറമ്പ് എന്നിവിടങ്ങളില്ലും മഴ ജനജീവിതം ദുസഹമാക്കി. തൃപ്പൂണിത്തുറ, പേട്ട ,മരട് തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. കലൂർ ജഡ്ജസ് അവന്യുവിലും, പനമ്പിള്ളി നഗർ, കടവന്ത്ര എന്നീ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.

Story Highlights edappally vattekkunnam road collapsed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top