കൊവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി

ramesh chennithala and pinarayi vijayan

വിമര്‍ശനങ്ങള്‍ക്കു പകരം തെറ്റായ പ്രചാരണങ്ങളും കൊവിഡ് പ്രതിരോധം തകര്‍ക്കാനുള്ള കുത്തിത്തിരിപ്പുകളും കൊണ്ടുവരരുതെന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവരുമ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിന്റെ ഭാരം അത് ചുമക്കുന്നവര്‍ തന്നെ പേറേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കോണ്ടാക്ട് ട്രെയിസിംഗിന് പൊലീസിന്റെ അന്വേഷണമികവ് ഉപയോഗിക്കും എന്നു പറഞ്ഞത് ആ മേഖലയില്‍ പഴുതുകളടച്ചുള്ള സമീപനമുണ്ടാകണം എന്നതുകൊണ്ടാണ്. ഇതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കുകയാണോ എന്ന് ചിലര്‍ക്ക് തോന്നി. അത്തരം തോന്നലുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. ഈ തീരുമാനം സംസ്ഥാനത്തെ പൊലീസ് രാജിലേക്ക് നയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്.

യഥാര്‍ത്ഥത്തില്‍ എന്തു കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരുഭാഗത്ത് ആരോഗ്യപ്രവര്‍ത്തകരോട് അവഗണന എന്ന് ആക്ഷേപം ഉന്നയിക്കുക. മറുഭാഗത്ത് പൊലീസ് സംവിധാനത്തിന്റെ ഇടപെടല്‍ മരവിപ്പിക്കുക. രണ്ടും നടന്നാല്‍ കൊവിഡ് അതിന്റെ വഴിക്ക് പടര്‍ന്നുപിടിക്കുമെന്ന് അറിയാത്തയാളാണോ പ്രതിപക്ഷ നേതാവ്? ഇതേ സമീപനമല്ലേ കഴിഞ്ഞദിവസം നാം കണ്ടത്? എന്തിനാണ് ഇത്തരമൊരു ഇരട്ടമുഖം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇപ്പോള്‍ നമ്മുടെ കൊവിഡ് പ്രതിരോധം ശക്തമായി മുന്നോട്ടുപോകുകയാണ്. കേരളത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും മറ്റു പ്രദേശങ്ങളുടെയും അനുഭവം താരതമ്യം ചെയ്താല്‍ നാം എത്രമാത്രം മുന്നേറി എന്ന് വ്യക്തമാകും. എന്നിട്ടും പറയുകയാണ് ഇവിടെ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന്. ആരോടാണ് ഇത് പറയുന്നത്? സര്‍ക്കാരിനൊപ്പം കൊവിഡ് പ്രതിരോധയജ്ഞത്തില്‍ പങ്കാളികളാകുന്ന ഇന്നാട്ടിലെ ജനങ്ങളോടോ? ആ ജനങ്ങളില്‍ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്ളവര്‍ മാത്രമാണോ കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായിട്ടുള്ളത്.

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി നില്‍ക്കുന്ന തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നയാളുകളെ അടര്‍ത്തിമാറ്റുക, അവരില്‍ വല്ലാത്തൊരു സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക. എന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും മറ്റു രോഗങ്ങള്‍ ഇല്ലാത്തവര്‍ക്കും വീട്ടില്‍ ചികിത്സ നല്‍കാം എന്ന നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച തത്വത്തില്‍ അംഗീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ആരോഗ്യവിദഗ്ധരും നമ്മുടെ വിദഗ്ധസമിതിയും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ആ തീരുമാനം എടുത്തത്. അന്ന് ഇതിനെ ചിലര്‍ വളച്ചൊടിച്ച് സംസ്ഥാനം ചികിത്സയില്‍ നിന്നും പിന്മാറുന്നു എന്നാണ് പറഞ്ഞത്. അതുപോലൊരു പ്രചരണമാണ് ഇവിടേയും നടക്കുന്നത്.

അതുകൊണ്ടാണ് കൂടുതല്‍ സഹായം നല്‍കാനുള്ള ചുമതല പൊലീസിനു നല്‍കിയത്. അതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ നോക്കുന്നവര്‍ തളര്‍ത്തുന്നത് നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാണ്. അപകടത്തിലാക്കുന്നത് സമൂഹത്തെ ഒന്നാകെയാണ്. ഇത്തരം പ്രചരണങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീണുപോവാതെ നോക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വമാണ്.

കോണ്ടാക്ട് ട്രേസിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി സബ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ് മേഖലകളില്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിന്റെ സേവനം ശക്തിപ്പെടുത്തി. ജനങ്ങള്‍ കൂട്ടം കൂടുന്ന ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, കല്യാണവീടുകള്‍, മരണവീടുകള്‍, മാര്‍ക്കറ്റ്, തുറമുഖം എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കലും വാഹനങ്ങളിലെ അധിക യാത്രക്കാരുടെ എണ്ണവും പരിശോധിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളില്‍ വാഹനപരിശോധന കര്‍ശനമാക്കും. പൊതുസ്ഥലങ്ങളില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights cm pinarayi vijayan against opposition leader

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top