വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; ബിജുലാൽ അറസ്റ്റിൽ

വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ ആരോപണവിധേയനായ എം. ആർ ബിജുലാൽ അറസ്റ്റിൽ. തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണ് ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ട്രഷറി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ബിജുലാൽ രംഗത്തെത്തിയിരുന്നു.
ഇന്ന് രാവിലെ ട്വന്റിഫോർ ഓഫീസിലെത്തിയാണ് ബിജുലാൽ വെളിപ്പെടുത്തൽ നടത്തിയത്. പണം തട്ടിയത് താനല്ലെന്നും തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ബിജുലാൽ പറഞ്ഞിരുന്നു. പണം തട്ടിയെടുത്തു എന്നത് തെറ്റായ പ്രചാരണമാണ്. ഓഫീസറുടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ചുവെന്നാണ് ചില വാർത്തകളിൽ കണ്ടത്. അങ്ങനെ ഉപയോഗിക്കാൻ സാധിക്കില്ല. സർക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ് താൻ. ഖജനാവാണെന്ന് ബോധമുണ്ട്. തന്റെ യൂസർ ഐഡിയും പാസ് വേർഡും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയില്ലേ? അതിനുള്ള സാധ്യത പരിശോധിക്കണം. വഞ്ചിയൂർ ട്രഷറിയിൽ നിന്ന് 60,000 രൂപ തട്ടിയെടുത്തുവെന്ന ആരോപണം തെറ്റാണ്. ആരാണ് തിരിച്ചടച്ചതെന്നും വ്യക്തമല്ല. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.
Story Highlights – Vanchiyoor treasury fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here