വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്; ബിജുലാൽ തട്ടിയത് 2 കോടി 74 ലക്ഷമെന്ന് റിമാൻഡ് റിപ്പോർട്ട്

ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാൽ തട്ടിയത് 2 കോടി 74 ലക്ഷം രൂപയെന്ന് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും. സബ് ട്രഷറി ഓഫീസർ വിരമിക്കുന്നതിന് മുൻപ് ഇയാളുടെ പാസ്‌വേഡ് ഉപയോഗിച്ച് ബിജുലാൽ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സബ് ട്രഷറി തട്ടിപ്പിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
സബ് ട്രഷറിയിലെ ജീവനക്കാരിൽ നിന്നടക്കം പ്രതി ബിജുലാലിന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് കോടി 74 ലക്ഷം രൂപയാണ് ബിജുലാൽ തട്ടിയത്. ബിജുലാലിനെ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവ് എടുക്കണമെന്നും ബാങ്ക് ഇടപാടുകൾ വിശദമായി പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബിജുലാലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ ഉടൻ അപേക്ഷ നൽകും.

Read Also :‘ട്രഷറി ഉദ്യോഗസ്ഥൻ വിരമിക്കുന്നതിന് മുൻപ് ബിജുലാൽ തട്ടിപ്പ് നടത്തി’; വഞ്ചിയൂർ കേസിൽ കൂടുതൽ ദുരൂഹത

സബ് ട്രഷറി ഓഫീസറായി വിരമിച്ച ഭാസ്‌കരന്റെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ബിജു പണം തട്ടിയത്. ഭാസ്‌കരൻ വിരമിക്കുന്നതിന് മുൻപ് തന്നെ തട്ടിപ്പ് തുടങ്ങിയെന്ന സൂചനകൾ കേസിലെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്ക് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പണം കൂടുതലും റമ്മി കളിക്കാൻ ഉയോഗിച്ചെന്ന ബിജുവിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. റമ്മി സർക്കിൾ എന്ന സൈറ്റിലടക്കമാണ് റമ്മി കളിച്ചതെന്നായിരുന്നു മൊഴി. എന്നാൽ പരമാവധി 25 ലക്ഷം രൂപ വരെ ഇങ്ങനെ ഉപയോഗിച്ചേക്കാമെന്ന് മാത്രമാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിൽ വ്യക്തത വരുത്താൻ റമ്മി സൈറ്റുകളിലെ ബിജുവിന്റെ ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുലാൽ പണം അക്കൗണ്ടിലേക്ക് മാറ്റിയതായി കരുതുന്ന ഭാര്യ സിമിയേയും സഹോദരിയെയും നാളെ ചോദ്യം ചെയ്യും.

Story Highlights Vanchiyoor Treasury fraud case, M R Bijulal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top