ബാബേൽ

ഡോളി തോമസ്/ കവിത

ഗൃഹനാഥയാണ് ലേഖിക

പ്രതീക്ഷകളുടെ മുനമ്പിൽ
പടുത്തുയർത്തപ്പെടുന്ന
ബാബേൽ ഗോപുരങ്ങൾ,
അനൈക്യത്തിന്റെ പടനിലങ്ങളിൽ
പൂർത്തിയാക്കപ്പെടാത്ത ശിൽപങ്ങൾ പോലെ
ഉയർന്നു നിൽക്കുന്നു.

ഭാഷകൾ, ചിതറിപ്പോകുന്നു.
വ്യാഖ്യാനങ്ങൾ തെറ്റുന്നു.
നഗരങ്ങൾക്കുമേൽ
അഗ്നിയും, ഗന്ധകവും,
വർഷിക്കപ്പെടുന്നു.
അവയുടെ ചാമ്പലുകളിൽ നിന്നും,
ചാവുകടലുകൾ രൂപപ്പെടും.

കണക്കുകൂട്ടലുകൾ
പിഴക്കുന്ന പാലായനങ്ങൾ
അതിർത്തി വേലികളിൽ
ഉടക്കി നിൽക്കുന്നു.
ആകാശങ്ങൾക്ക് അതിരുകൾ ഇല്ലാത്തതുകൊണ്ട്
ദേശാടനക്കിളികൾ ഇന്നും
ദേശാന്തരഗമനത്തിലാണ്.

യുദ്ധകാഹളങ്ങൾക്കുമേൽ
വൈറസുകൾ വിജയക്കൊടി പാറിച്ചിരിക്കുന്നു.
അജ്ഞതയുടെ വാതായനങ്ങൾ മലർക്കെ
തുറന്നു കിടക്കുന്നു.
അതിലൂടെയാണിപ്പോൾ മനുഷ്യന്റെ സഞ്ചാരം.

മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശിരസ്,
വെള്ളിത്തളികയിൽ
ദാനം ചെയ്യപ്പെടുന്നു.
എവിടെയാണൊരു പ്രവാചകൻ
ഉദയം കൊള്ളുക.

അനീതിയുടെ പ്രവാചകന്മാർ പിടിമുറുക്കുന്നു.
എല്ലാ നിയമങ്ങളെയും അവർ
കെട്ടിവലിച്ചു നഗരം ചുറ്റുന്നു.

തെരുവോരത്ത്,
നീതിദേവത നഗ്നത
മറയ്ക്കുവാൻ
കൂനിക്കൂടി ഇരിക്കുന്നു.
അവളുടെ ശിരസിൽ
അനീതിയുടെ കൊടിയടയാളങ്ങൾ
ഉയർത്തപ്പെട്ടിരിക്കുന്നു.

മനുഷ്യന്റെ ത്വരകൾ തലയുയർത്തുന്നു.
പൂർത്തിയാക്കാനാവാത്ത
ദേശാടനങ്ങളുമായി മനുഷ്യൻ
മരുഭൂമികളിൽ പിടഞ്ഞുവീഴുന്നു.

പിന്നെയും മരുഭൂമികൾ
സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
പൂർത്തിയാകുമോ എന്നറിയാത്ത
ഒരു ദേശാടനത്തിലാണ് ഞാനും.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers blog, Poem , Babel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top