Advertisement

വെട്ടുകട

August 14, 2020
Google News 5 minutes Read

..

ലിതേഷ് വെള്ളോത്ത്/ കഥ

ആർട്ടിസ്റ്റാണ് ലേഖകൻ

കപ്പത്തോട്ടത്തിൽ അവറാച്ചനും വർക്കിയും പതിവ് സേവ തുടങ്ങിയിരുന്നു. കത്തിയെരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരിയിൽ മുഖം ചേർത്ത് ചുണ്ടിൽ തിരുകിയ ബീഡി കത്തിച്ച് ആഞ്ഞു വലിച്ചു അവറാച്ചൻ. പുകച്ചുരുൾ മഞ്ഞ വെളിച്ചത്തിൽ സ്വർണകുമിളകളായി തോന്നി. ഗ്ലാസിലെ ബാക്കി മദ്യം ഒറ്റ വലിക്ക് അകത്താക്കി ഒന്ന് ചീറി.

‘എടാ വർക്കി നെനക്കറിയോ, എന്റെ കൊച്ച് കോളജ് പാസായത് ഫസ്റ്റ് ക്ലാസ്സോടെയാണ്. അതിന്റെ സന്തോഷം ഞാൻ ആഘോഷിക്കേണ്ട്രാ ഉവ്വേ ‘

വർക്കി ഇലയിലെ അച്ചാർ ചൂണ്ടുവിരലാൽ തൊട്ടു നക്കികൊണ്ട് പറഞ്ഞു.

‘ഓഹ് അവറാച്ചൻ ആഘോഷിച്ചാട്ടെ. അല്ല പിന്നെ’

‘എന്റെ കൊച്ച്, അവനാ എന്റെ എല്ലാം ‘

അവറാച്ചൻ ഇന്ന് കുറച്ചധികം കുടിച്ചു. ഇനി എന്തേലും പറഞ്ഞു കരയുമെന്ന് വർക്കിക്കറിയാം. അതോണ്ട് ഒരെണ്ണം കൂടി ഒഴിച്ച് ഒറ്റവലിക്ക് അകത്താക്കി തയാറായി നിന്നു.

‘എടാ വർക്കി, നിന്നോട് ഇതുവരെ പറയാത്ത ഒരു കാര്യമാ പറയുന്നേ. നിനക്കറിയാവോ, ഞാനൊരു കൊലപാതകിയാ… ‘

വർക്കിയുടെ മുഖത്തെ പ്രസന്നത മാഞ്ഞു.

‘കൊറെ എണ്ണത്തിനെ ഞാൻ കൊന്നു തള്ളിയിട്ടുണ്ട്. കൊറേ എണ്ണത്തിനെ…'(നാക്ക് കുഴയുന്നുണ്ട്)

വർക്കീടെ മുഖത്ത് ഭയത്തിന്റെ ലാഞ്ചനയുണ്ട്. ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

‘എന്നതൊക്കെയാ അവറാച്ച പറയുന്നേ. ആരേലും കേട്ടോണ്ട് വന്നാൽ. ‘

ബീഡി ഒന്നൂടി ആഞ്ഞു വലിച്ചവറാച്ചൻ.

‘നീ പേടിക്കണ്ട്രാ വർക്കി. എന്റപ്പനും കൊലപാതകിയാ. ഞങ്ങള് പാരമ്പര്യയി ഇറച്ചി വെട്ടുകാരാ’

‘പേടിപ്പിച്ചല്ലോ അവറാച്ച. ഞാനും കരുതി ഇയാക്കിതെന്നാ പറ്റീന്ന് ‘

വർക്കി പിറു പിറുത്തു..

അവറാച്ചൻ ബീഡിയിലെ അവസാന പുകയും വലിച്ചൂറ്റിയെടുത്തു ബീഡിത്തുണ്ട് ദൂരേക്കെറിഞ്ഞു.

കാലി കുപ്പി അരികിലെ വെള്ളക്കെട്ടിൽ വലിച്ചെറിഞ്ഞ് വർക്കി എഴുന്നേറ്റു.

‘വാ പോകാം, ത്രേസ്യാമ്മ കാത്തിരിക്കുന്നുണ്ടാകും’. അവറാച്ചൻ മൂളി.

പരസ്പരം താങ്ങി പിടിച്ചുകൊണ്ടവർ വീട്ടിലേക്ക് നടന്നു. നടത്തത്തിനിടെ അവറാച്ചൻ കഥ തുടർന്നു ഇടക്ക് കരച്ചിലും.

കാഞ്ഞിരമറ്റം, അവിടായിരുന്നു അവറാച്ചനും കുടുംബവും. നാല് ആൺമക്കളിൽ ഇളയവൻ. നാലിൽ തോറ്റപ്പോൾ പഠിപ്പ് നിർത്തി. ആദ്യമൊക്കെ അപ്പന്റെ കൂടെ വെട്ടുകടയിൽ നിക്കാൻ പേടിയായിരുന്നു. പതിയെ കത്തിക്ക് അരമിട്ടും ക്യാഷ്യറായി നിന്ന് തറി പഠിച്ചു. പിന്നീട് അപ്പൻ പോയപ്പോൾ സ്വാഭാവികമായും അവറാച്ചൻ വെട്ടുകാരനായി മാറുകയായിരുന്നു. ബാക്കി മൂന്ന് പേർക്കും ഉദ്യോഗമുണ്ട്. ഭാഗംവയ്പ്പിൽ കിട്ടിയതും വിറ്റ് അവർ ടൗണിലേക്ക് മാറിയിരുന്നു.

ത്രേസ്യയെ കെട്ടി ഒരു കുട്ടിയുമായി അല്ലലില്ലാതെ കഴിയുന്നതിനിടെ ഒരു നവംബറിലാണ് വെട്ടാനായി മുട്ടനാടിനെ കച്ചോടാക്കിയത്. വിലയൊത്തുവന്നപ്പോൾ രണ്ടു ക്ടാങ്ങളെയും തള്ളയേയും കൂടി വാങ്ങി. കാടി കൊടുത്തു ക്രിസ്തുമസ് ആകുമ്പോഴേക്കും തൂക്കം കൂട്ടാമെന്നു കരുതിയാണ്.
വീട്ടിലെത്തിയ ക്ടാങ്ങളെ കണ്ടപ്പോൾ ആറ് വയസുകാരൻ ചെറുക്കന് കളിപ്പാട്ടം കിട്ടിയ സന്തോഷമായിരുന്നു. അവറ്റകൾ തൊടിയിലും അകത്തളങ്ങളിലും തുള്ളിച്ചാടി നടന്നു. ചെറുക്കന് ഊണും ഉറക്കവും ഇല്ല, എപ്പോഴും ക്ടാങ്ങളെ കൂടെ തന്നെ.

ക്രിസ്തുമസിന്റെ തലേന്ന് മുട്ടനാടിനെ വെട്ടുകടയിലേക്ക് കൊണ്ടുപോകാൻ നോക്കുമ്പോഴാണ് തള്ളയാടിന്റേം ക്ടാങ്ങളേം കരച്ചിൽ കേട്ടു ചെറുക്കൻ ഓടി വന്നത്. ‘ അപ്പച്ചാ വിട് അപ്പച്ചാ’ ചെറുക്കൻ കരച്ചില് തുടങ്ങി. അവറാച്ചൻ വീണ്ടും കയറു വലിച്ചു. മുട്ടനാട് അലറാൻ തുടങ്ങി. അവറാച്ചന്റെ കാലിൽ തൂങ്ങി ചെറുക്കൻ. വിടുന്ന ലക്ഷണമില്ല. കരഞ്ഞു തളർന്ന ചെറുക്കനെ ത്രേസ്യാമ്മ എടുത്തോണ്ട് പോയ തക്കത്തിന് അവറാച്ചൻ മുട്ടനാടിനെ കടത്തി. അതിനുശേഷം ചെറുക്കൻ അവറാച്ചന്റെ അടുത്ത് പോയിട്ടില്ല. എത്ര കൊഞ്ചിച്ചിട്ടും അവന്റെ കുഞ്ഞു മനസിലെ ദേഷ്യം മാറിയിട്ടില്ലായിരുന്നു.

മുട്ടനാടിനെ വെട്ടുമ്പോൾ കൈവിറച്ചത് ആദ്യാനുഭവമായിരുന്നു അയാൾക്ക്, കുറ്റബോധവും. തന്റെ ഒരേ ഒരു മകൻ തന്നിൽ നിന്നകന്നുപോകുമോ എന്നയാൾ ഭയന്നു. ഒടുവിൽ വെട്ടുകടയും വീടും പറമ്പും വിറ്റയാൾ ആ മലകേറി വന്നു. കൃഷി തുടങ്ങി. ഒരു പ്രായശ്ചിത്തമെന്നോണം.

വീടെത്തിയപ്പോൾ ഒരു കറുമ്പി ആടിനെ ചൂണ്ടി അവറാച്ചൻ പറഞ്ഞു,’ടാ വർക്കി ഇവളൊക്കെ ആ പരമ്പരയിലെയാ, ഞാൻ അവസാനമായി കൊന്നില്ലെയോ. അതിന്റെ, അതിന്റെയാ.’

വർക്കി അയാളെ കോലായിൽ ഇരുത്തിയപ്പോഴേക്കും ത്രേസ്യാമ്മ പുറത്തേക്കു വന്നിരുന്നു. ‘അപ്പോം കോഴിക്കറീം ശരിയാക്ക് ഇപ്പൊ വരാന്നും പറഞ്ഞു പോയ ആളാ. ‘

വർക്കിച്ചൻ പോകാൻ തുടങ്ങവേ ത്രേസ്യാമ്മ വിളിച്ചു.

‘വർക്കിച്ചാ കഴിച്ചേച്ചു പോ…., ഇച്ചായനിതെന്നാ പണിയാ കാണിച്ചേ ‘

വർക്കിച്ചൻ തലചൊറിഞ്ഞ് അവറാച്ചനെ നോക്കി നിന്നു.

പിറ്റേന്ന് ചിട്ടി പിടിച്ച കാശ് മകന്റെ കയ്യിൽ കൊടുത്തു കമ്പ്യൂട്ടർ ക്ലാസിന് ചേരാൻ പറഞ്ഞു വിട്ടതാണ്. തിരിച്ചു വന്നതൊരു ആംബുലൻസിൽ. ബസിടിച്ചതാണ്. അറിഞ്ഞപാടെ അവറാച്ചന്റെ ബോധം മറിഞ്ഞു. ത്രേസ്യാമ്മ അലമുറയിട്ട് കരഞ്ഞു.

‘ഒരെ ഒരു മകനല്ലേ എന്തോരം സങ്കടോണ്ടാകും! ‘ എന്ന് പലരും അടക്കം പറഞ്ഞു.

‘കൊന്നാ പാപം തിന്നാൽ തീരൂല’ എന്ന് വേറെ ചിലരും.

‘ഞാൻ ചെയ്ത പാപത്തിന്റെ ഫലമായിരിക്കും. അല്ലിയോ’ അവറാച്ചൻ ദുഃഖം കടിച്ചമർത്തി.

‘എന്നെ ശിക്ഷിച്ചോടായിരുന്നോ കർത്താവെ, പാവം എന്റെ കൊച്ചിനെ ‘

ത്രേസ്യാമ്മയും അവറാച്ചനെ കുറ്റപ്പെടുത്തിയപ്പോൾ അയാൾക്ക് സഹിക്കാൻ പറ്റിയില്ല. പിന്നീടുള്ള ദിവസങ്ങളിൽ അവറാച്ചൻ മൂകനായി. ഒറ്റയ്‌ക്കൊരു മുറിയിൽ തന്നിലേക്ക് ഒതുങ്ങി കൂടി. തന്റെ കൊച്ചിനെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതിയാണ് അപ്പനപ്പൂപ്പൻമാരായി കൊണ്ടു നടന്ന തൊഴിലുപേക്ഷിച്ചത്. പിറന്ന നാടും വീടും ഉപേക്ഷിച്ചത്. മകന്റെ മുന്നിൽ നിന്ന് ബീഡി പോലും വലിക്കാറുണ്ടായിരുന്നില്ല. എല്ലാം ഓർത്തിരുന്നപ്പോൾ അവറാച്ചൻ വിങ്ങിപ്പൊട്ടി.

കറുമ്പി ആടിനെയും അഴിച്ചു വിട്ടു.’ ഇനി എന്നാത്തിനാ’ എന്നു പറഞ്ഞ് ആരെയൊക്കെയോ തെറിയും വിളിച്ച് പിറു പിറുത്ത് കപ്പത്തോട്ടത്തിലേക്ക് നടന്നു അവറാച്ചൻ.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, Short Story, Vettukada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here