ആവശ്യമുള്ളത് ടവർ ലൊക്കേഷൻ മാത്രം; ഫോൺ രേഖകൾ വേണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ

കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ ആവശ്യമില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സമ്പർക്കം കണ്ടെത്താൻ വേണ്ടിയാണിതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ടവർ ലൊക്കേഷൻ മാത്രമെങ്കിൽ പ്രശ്‌നമില്ലെന്നും കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ വെള്ളിയാഴ്ച സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് നടപടി.

കൊവിഡ് രോഗികളുടെ ടെലിഫോൺ വിവരം ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിലായിരുന്നു. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഫോൺകോൾ വിശദംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയർന്നത്. ആശുപത്രിയിലുള്ള കൊവിഡ് രോഗികളോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

Read Also :മുഴുവൻ കൊവിഡ് രോഗികളുടേയും ടെലിഫോൺ വിവരം ശേഖരിക്കാൻ പൊലീസ്; വിവാദം

കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ബുദ്ധിമുട്ടുള്ള കേസുകളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം മാത്രമാണ് നേരത്തെ ഫോൺ വിളി വിശദാംശങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസ് ഏറ്റെടുത്തതോടെ കോൾ വിശദാംശങ്ങൾ വ്യാപകമായി ശേഖരിച്ചു തുടങ്ങി. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Story Highlights High court of kerala, Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top