Advertisement

ചില്ലിക്കാശില്ലാതെ ലിഫ്റ്റ് ‘ചോയ്ച് ചോയ്ച്…’

August 20, 2020
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉമ റോയ്/ അമൃത പുളിക്കൽ

യാത്ര എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ യാത്രയിൽ ഇത്തിരി വ്യത്യസ്തതയായാലോ? ചില്ലിക്കാശ് പോലും കൈയിലെടുക്കാതെ? പണച്ചെലവില്ലാതെ എട്ട് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചിരിക്കുകയാണ് ഈ ഇരുപത്തൊന്നുകാരി.

തൃശൂർ സ്വദേശിനിയായ ഉമ റോയ്‌യുടെ 15ാം വയസ് മുതലുള്ള ആഗ്രഹമായിരുന്നു യാത്ര. പലവട്ടം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ബിരുദ പഠന സമയത്ത് ഹിച്ച് ഹൈക്കിംഗ് എന്ന പദം മനസിൽ ഉടക്കി. പിന്നെ അധികം ഒന്നും ചിന്തിച്ചില്ല. മനസില്‍ ആഗ്രഹത്തിന്‍റെ ചിറക് വിടർത്തി പുറപ്പെട്ടു.

കിട്ടിയ വണ്ടിയിൽ ആയിരുന്നു കറക്കം. ബസും കാറും ബൈക്കും തൊട്ട് ജെസിബിയിലും ട്രാക്ടറിലും വരെ. ചിലപ്പോൾ 20 കിലോമീറ്റർ വരെ നടന്നു. റെയിൽവേ സ്റ്റേഷൻ, സ്‌കൂൾ, അമ്പലം, അങ്ങനെ എവിടെയും ചെന്ന് കിടക്കും. ഭക്ഷണം ഇല്ലാതെ മൂന്ന് ദിവസം വരെ വെള്ളം മാത്രം കുടിച്ച് പിടിച്ചുനിന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.

ആദ്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് യാത്രയാകാം എന്നാണ് കണക്കുകൂട്ടിയിരുന്നത്. പിന്നീട് സഞ്ചാരത്തിന്റെ ലഹരി പിടികൂടി. കേരളം, തമിഴ്‌നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ പ്രയാണത്തിന് ശേഷം, ഒറീസ, അസം, നാഗാലാന്റ് എന്നീ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഉമ യാത്ര ചെയ്തു.

കുട്ടിക്കാലം മുതൽ കാത്തുവച്ച ആഗ്രഹം

യാത്ര ചെയ്യണമെന്നുള്ളത് ഉമയ്ക്ക് ഒൻപതാം ക്ലാസ് മുതലുള്ള ആഗ്രഹമാണ്. ആ ആഗ്രഹം ഹിച്ച് ഹൈക്കിംഗിൽ എത്തിച്ചു. കാര്യക്ഷമമായി യാത്ര ചെയ്യണമെന്നായിരുന്നു ഉദ്ദേശം. ജേർണലിസം പഠിച്ചാൽ ഒരുപാട് യാത്ര ചെയ്യാമെന്ന് അറിഞ്ഞു. അതിനാൽ പത്താം ക്ലാസിന് ശേഷം പ്ലസ് ടുവിലും ബിരുദ സമയത്തും ജേർണലിസം ആണ് ഉമ പഠിച്ചത്. കോളജിൽ പഠിക്കുമ്പോൾ തന്നെ നിരവധി സോളോ യാത്രകൾ… ബംഗ്ലാദേശിലേക്ക് രണ്ട് തവണ പോയി. പശ്ചിമ ബംഗാളും ബംഗ്ലാദേശും തമ്മിൽ വലിയ വ്യത്യാസം തോന്നിയില്ലെന്നും ഈ ഇരുപത്തിരണ്ടുകാരി പറയുന്നു. അന്ന് കൈയിൽ ഫോണൊന്നും ഉണ്ടായിരുന്നില്ല.

Read Also : വിപ്ലവ വീര്യം നുരയുന്ന മലയാള മഹാറാണി.. മെയ്ഡ് ഇൻ അയർലന്റ്

വീട്ടിൽ നിന്ന് യാത്രയ്ക്ക് എതിർപ്പോ നിർബന്ധങ്ങളോ ഇല്ലായിരുന്നു. അവർ ഒറ്റയ്ക്കുള്ള യാത്രയാണെന്നേ വിചാരിച്ചുള്ളു. കൈയിൽ പൈസയില്ലെന്ന് അറിയില്ലായിരുന്നു. ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റ് കണ്ടപ്പോൾ അനിയത്തിയ്ക്ക് കാര്യം പിടികിട്ടി. അപ്പോഴേക്കും ഉമ കുറേ ദൂരം താണ്ടിയിരുന്നു. സ്വപ്‌നം കാണുമ്പോൾ സമൂഹം എന്ത് ചിന്തിക്കുമെന്ന് ആലോചിക്കാറില്ല. തന്റെ സന്തോഷത്തിനാണ് യാത്ര ചെയ്യുന്നതെന്നും ഉമ.

ഹിച്ച് ഹൈക്കിംഗ്

ലിഫ്റ്റ് ചോദിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക പദമാണ് ഹിച്ച് ഹൈക്കിംഗ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ടോമിസ്ലാവ് പെർക്കോ എന്ന സഞ്ചാരിയുടെ പ്രഭാഷണം കേട്ടപ്പോഴാണ് ‘ഹിച്ച് ഹൈക്കിംഗ്; ട്രാവലിംഗ് വിത്തൗട്ട് മണി’ എന്ന ആശയത്തെ കുറിച്ച് കേട്ടത്. എത്രത്തോളം പ്രാവർത്തികം ആകുമെന്ന് അറിയില്ലായിരുന്നു.

2019 സെപ്തംബർ മൂന്നിന് പുലർച്ചെ മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി. പിന്നീട് പത്ത് മാസത്തിന് ശേഷം 2020 ജൂലൈ 17നാണ് തിരിച്ചെത്തിയത്. ഇറങ്ങിയപ്പോൾ മനസിൽ ഒരു പ്ലാനും ഉണ്ടായിരുന്നില്ല. കുറച്ച് ആശങ്കകൾ ഒക്കെയുണ്ടായിരുന്നു. കൈയിൽ ടെന്റോ കിടക്കയോ ഒന്നും കരുതിയിരുന്നില്ല. ആകെ വാങ്ങിയത് വാട്ടർ ബോട്ടിൽ മാത്രം…

യാത്ര ഇങ്ങനെ

പുലർച്ചെ മൂന്നിന് വീട്ടിൽ നിന്നിറങ്ങി തൃശൂരിൽ നിന്ന് കൊല്ലത്തേക്ക് വണ്ടി കയറി. പിന്നീട് ഇടുക്കിക്ക് വിട്ടു. പോണ്ടിച്ചേരിയിലേക്കും തുടർന്ന് കർണാടകയിലേക്കും യാത്ര ചെയ്തു. ശേഷം ആന്ധ്ര, തെലങ്കാന, ഒറീസ, നാഗലാന്റ് എന്നിവിടങ്ങളിലേക്കും. അവസാനം അസമിൽ യാത്ര അവസാനിപ്പിച്ചു. കൊവിഡാണ് യാത്ര മുടക്കിയതെന്നും അല്ലെങ്കിൽ താൻ ഇപ്പോഴും യാത്രയിലാകുമെന്നും ഉമ. ഡിസംബർ വരെയാണ് യാത്ര ചെയ്തത്.

ഇന്ത്യയിൽ ഹിച്ച് ഹക്കിംഗ്

ഇന്ത്യയില്‍ ഹിച്ച് ഹൈക്കിംഗ് ചെയ്തപ്പോൾ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. എന്നാൽ ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന അനുഭവമല്ല. ഒരോരോത്തർക്ക് ഓരോ താത്പര്യമാണല്ലോ. എത്രത്തോളം നിങ്ങൾക്ക് ആഗ്രഹം ഉണ്ടെന്നതിന് അനുസരിച്ചായിരിക്കും ഹിച്ച് ഹൈക്കിംഗിനോട് ഇഷ്ടം വരികയെന്നും ഉമ പറയുന്നു.

ആദ്യമൊക്കെ യൂറോപ്പിൽ ഹിച്ച് ഹൈക്കിംഗ് നടത്തുന്ന ആളുകളെയാണ് പിന്തുടർന്നിരുന്നത്. യാത്ര ചെയ്തപ്പോൾ ഇന്ത്യയിലെ ഹിച്ച് ഹൈക്കിംഗിനെ കുറിച്ച് അറിവ് ലഭിച്ചു. ഇപ്പോൾ ഈ രംഗത്തുള്ള മൂന്ന് സുഹൃത്തുക്കളുണ്ട്. വഴിയിൽ കണ്ടുമുട്ടിയവരാണ് ഇവരൊക്കെ…

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൂടാതെ ആസാമിയും ഇപ്പോൾ ഉമ പഠിച്ചു. ദക്ഷിണേന്ത്യയിലെ ഭാഷകളുടെ ഏകദേശം ഔട്ട്‌ലൈൻ അറിയാം. അതിനാൽ ആശയം വിനിമയം നടത്താൻ ബുദ്ധിമുട്ട് വന്നില്ല.

യാത്രയിലെ രസങ്ങൾ

ഒരാൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളായിരിക്കും രസം നൽകുക. ബുദ്ധിമുട്ടുള്ള കാര്യങ്ങളും ആസ്വദിക്കാമെന്നും ഉമ. യാത്രയുടെ രുചി, അല്ലെങ്കിൽ ഭാഗമാണിത്. സന്തോഷവും സങ്കടവും ഒരുപോലെ വരും. എല്ലാസമയവും നല്ലതോ അല്ലെങ്കിൽ മോശമോ ആകണമെന്നില്ല.

യാത്രക്കിടെ ഒരു തമിഴ്‌നാട്ടുകാരനെ കണ്ടുമുട്ടി. പിന്നീട് അവനുമായി ഒരുമിച്ചായിരുന്നു സഞ്ചാരം. സോളോ ആയിട്ടിരിക്കുമ്പോൾ ഒറ്റക്കായിരിക്കും എല്ലാം ചെയ്യുക. ഓരോ ദിവസവും കൃത്യമായി ഓർത്തു വയ്ക്കും. എന്നാൽ സംഘമായി ട്രാവൽ ചെയ്യുമ്പോൾ സെക്യൂരിറ്റി ഫീൽ ഉണ്ട്. പക്ഷേ അനുഭവത്തിന്റെ തീവ്രത കുറവായിരിക്കുമെന്നാണ് ഉമയുടെ അഭിപ്രായം. ഒറ്റയ്ക്കായിരുന്ന സമയത്ത് രാത്രി ഹിച്ച് ഹൈക്ക് ചെയ്തിരുന്നില്ല. എന്നാൽ കൂട്ടിന് ഒരാളെ കിട്ടിയപ്പോൾ രണ്ട് ദിവസം മുഴുവനായും ഹിച്ച് ഹൈക്ക് ചെയ്തു. ഒരുപാട് അനുഭവങ്ങൾ കിട്ടിയെങ്കിലും സോളോ ആണ് ഉമയ്ക്ക് പ്രിയം. യാത്ര ചെയ്തപ്പോൾ കുടുംബങ്ങളോടൊപ്പം താമസിച്ചു. രക്തബന്ധമില്ലെങ്കിലും സ്വന്തം മോളെ പോലെ പലരും കരുതി, ഭാഷ പഠിക്കാൻ കഴിഞ്ഞു.

പുതിയ രുചികൾ

ഒരു ഗ്രാമത്തിൽ വച്ച് പുളിയുറുമ്പ് കൊണ്ടുള്ള വിഭവം കഴിച്ചു. മടുപ്പിക്കുന്ന രുചിയായിരുന്നു അതിന്. എന്നാൽ മറ്റൊരു വിഭവമാണ് ഉമയ്ക്ക് ഇഷ്ടമായത്, പൂർണ വളർച്ച എത്തിയിട്ടില്ലാത്ത തേനീച്ചയെ വറുത്തത്! ചെല്ലുന്ന സ്ഥലവുമായി താദാത്മ്യം പാലിക്കുന്നതിന്റെ ഭാഗമായാണ് അവിടെയുള്ള ഭക്ഷണം കഴിക്കുന്നതെന്നാണ് ഉമയുടെ പക്ഷം. യാത്രയിൽ ഒരുപാട് രുചികൾ അറിയാൻ സാധിച്ചു. കടുപ്പ്, മധുരം ഉപ്പ് പുളി… അങ്ങനെ അങ്ങനെ

വേറൊരു അനുഭവം ഉണ്ടായത്, ഒറീസയിൽ വച്ച് ഒരിടത്ത് സുഹൃത്തിന് ഒപ്പം നിൽക്കുമ്പോൾ പൊലീസുകാരൻ അന്വേഷിച്ച് വന്നു. സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി. പുറത്ത് നിൽക്കുമ്പോൾ ഒരു വൃദ്ധൻ വന്ന് സംസാരിച്ചു. മദ്യപിച്ചായിരുന്നു സംസാരം. പണക്കാരൻ ആണെന്നൊക്കെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. നിർബന്ധം സഹിക്കവയ്യാതെ പോയി. സംശയിച്ചാണ് ചെന്നതെങ്കിലും അയാൾ ശരിക്കും പണക്കാരനായിരുന്നു! വീട്ടിൽ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യ മരിച്ചു. തങ്ങളെ ദത്തെടുക്കാൻ ആഗ്രഹമൊക്കെയുണ്ടെന്ന് പറഞ്ഞു. അധിക നേരം അവിടെ നിന്നില്ല. പിന്നീട് സ്റ്റേഷനിലേക്ക് അദ്ദേഹം തന്നെ തിരിച്ചുകൊണ്ടാക്കി.

ഹിച്ച് ഹൈക്കിംഗിന് താത്പര്യമുള്ളവരോട്

ഗതാഗതം, ഭക്ഷണം, ഷെൽട്ടർ എന്നിവയാണ് യാത്രയിൽ പ്രധാനം. 99 ശതമാനം പേരും ഷെൽട്ടർ തരില്ല. എന്നാൽ ഹിച്ച് ഹൈക്കിംഗ് ആഗ്രഹിക്കുന്നവരോട്, ആരും ഇതുകേട്ട് ഇറങ്ങിത്തിരിക്കരുതെന്നാണ് പറയാനുള്ളത്. ഹിച്ച് ഹൈക്കിംഗ് പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കും ഇത് ഇഷ്ടപ്പെടണമെന്നില്ലെന്നും ഉമ.

ചില്ലിക്കാശും കൈയിലെടുക്കാത്ത സമയത്ത് യാത്രക്കിടയിൽ പിരീഡ്‌സ് വരുമ്പോൾ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ വ്യത്യാസമായൊന്നും തോന്നിയില്ലെന്നായിരുന്നു ഉത്തരം. പെട്രോൾ പമ്പിൽ നിന്ന് പാഡ് മാറ്റും. കാശ് കയ്യിലില്ലെന്ന് കരുതി കാശ് ഉപയോഗിക്കാറില്ലെന്ന് കരുതരുത്. ഇങ്ങനെയാണ് യാത്രാ രീതി എന്ന് പറയുമ്പോൾ ചിലർ നിർബന്ധിച്ച് പണം തരുമായിരുന്നു. അപ്പോൾ കണക്കുകൂട്ടി പണം സ്വരൂപിച്ച് വയ്ക്കും.

‘തനിക്ക് യാത്ര സ്വപ്‌നമല്ല, ആഗ്രഹമാണ്. ഫീൽ അറിയണമെന്ന കൗതുകത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഇനി യാത്ര ചെയ്യണം എന്നാൽ പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ല. യാത്രക്ക് തടസം വന്നിരുന്നില്ലെങ്കിൽ വല്ല മലയിലോ കുന്നിലോ ഇരുന്നേനേ..’

Story Highlights hitch hike, uma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement