പഞ്ചായത്ത് റോഡുകൾ മണ്ണിട്ട് മൂടി പൊലീസ്; പരാതി നൽകുമെന്ന് ജനപ്രതിനിധികൾ

സംസ്ഥാന അതിർത്തികൾ അടയ്ക്കുന്ന രീതിയിൽ പഞ്ചായത്ത് അതിർത്തികളും ചെറു റോഡുകളും മണ്ണിട്ട് മൂടി പൊലീസ്. കൊല്ലം ചടയമംഗലം അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് പൊലീസിന്റെ വിചിത്ര നടപടി. കണ്ടെയ്ന്റ്‌മെൻറ് സോണായതിനാലാണെന്ന് പൊലീസിന്റെ വിശദീകരണം.
കണ്ടെയ്ന്റ്‌മെൻറ് സോണുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുകയാണ് സാധാരണ പൊലീസ് രീതി. അടിയന്തര ആവശ്യങ്ങൾക്കും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ തൊഴിലാളികൾക്കും യാത്രയും അനുവദിച്ചിട്ടുണ്ട്. എന്നാൽ അഞ്ചൽ, ചടയമംഗലം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ഇതല്ല. അലയമൺ ഗ്രാമപഞ്ചായത്ത് പൂർണമായും കണ്ടെയ്ന്റ്‌മെൻറ് സോൺ ആക്കിയതോടെ ഇട്ടിവ ഗ്രാമപഞ്ചായത്തുമായുള്ള അതിർത്തിയായ പുത്തയം റോഡിൽ പൂർണമായും മണ്ണിട്ട് അടച്ചു. കാൽനടയാത്ര പോലും സാധ്യമല്ല.
Read Also : പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫ് നേതാവ് അറസ്റ്റില്‍
ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിലും സ്ഥിതി സമാനമാണ്. പോരേടം, മണലയം, നെട്ടേത്തറ, കുരിയോട്, കണ്ണങ്കോട് എന്നീ എന്നീ പ്രദേശങ്ങളിലെ റോഡുകളാണ് മണ്ണിട്ട് അടച്ചിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകാനാണ് പ്രദേശത്തെ ജനപ്രതിനിധികളുടെ തീരുമാനം. റോഡ് പൂർണമായും മണ്ണിട്ട് അടച്ച് ഗതാഗതം തടസപ്പെടുത്താനുള്ള നിർദേശം നൽകിയിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
Story Highlights – road blocked by police, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here