Advertisement

കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യയുമായി പങ്കാളിത്തം തേടി റഷ്യ

August 20, 2020
Google News 2 minutes Read
Covid-19 vaccine

കൊവിഡ് വാക്‌സിന്‍ വ്യാപകമായി നിര്‍മിക്കാന്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) സിഇഒ കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യ തയാറാക്കിയ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക്ക് 5 ഫലപ്രദമാണെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ലോകത്തെ അറിയിച്ചിരുന്നു. ആര്‍ഡിഐഎഫുമായി ചേര്‍ന്ന് ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയിരിക്കുന്നത്.

ഓണ്‍ലൈനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദിമിത്രീവ് ഇക്കാര്യം അറിയിച്ചത്. നിരവധി രാജ്യങ്ങള്‍ മരുന്ന് നിര്‍മാണത്തില്‍ പങ്കാളികളാകുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും മിഡിലീസ്റ്റില്‍ നിന്നും നിരവധി രാജ്യങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. കൊവിഡ് വാക്‌സിന്റെ നിര്‍മാണം പ്രധാനപ്പെട്ട പ്രശ്‌നമാണ്. നിലവില്‍ ഇന്ത്യയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാണ് താത്പര്യപ്പെടുന്നത്. ഇന്ത്യയ്ക്ക് ഗാമലേയ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : കൊവിഡ് വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങി റഷ്യ

വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ റഷ്യയില്‍ മാത്രം നടത്താനല്ല ഉദ്ദേശിക്കുന്നത്. യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും ട്രയല്‍ നടത്തും. അഞ്ചു രാജ്യങ്ങളുമായി സഹകരിച്ച് മരുന്ന് നിര്‍മിക്കാനാണ് ആലോചിക്കുന്നത്. മരുന്നിന്റെ ആവശ്യം കൂടിവന്നുകൊണ്ടിരിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. അതേസമയം, കൊവിഡിനെതിരെ തയാറാക്കിയ വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് റഷ്യ. രാജ്യത്തെ പൊതുജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. പരീക്ഷണം അടുത്തയാഴ്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ച് ഫലപ്രദമെന്ന് അവകാശപ്പെട്ടിരുന്ന റഷ്യ ആദ്യമായാണ് 40,000 പേരില്‍ മരുന്നു പരീക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വാക്‌സിന്‍ എത്ര പേരില്‍ പരീക്ഷിച്ചുവെന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം.

Story Highlights Russia looking for partnership with India for producing Covid-19 vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here