ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ് ഇന്ന് സുപ്രിം കോടതിയിൽ. ഭരണസമിതി രൂപീകരണത്തിന്റെ പുരോഗതി ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിലയിരുത്തും. ഉപദേശക സമിതി അധ്യക്ഷനായി മലയാളിയായ റിട്ടയേർഡ് കേരള ഹൈക്കോടതി ജഡ്ജിയെ തന്നെ നിയമിക്കണമെന്ന ക്ഷേത്രം ട്രസ്റ്റി രാമവർമയുടെ ആവശ്യം കോടതിയുടെ മുന്നിലെത്തും.

Read Also : ശ്രീ പത്മനാഭസ്വാമി ക്ഷേത്രക്കേസ്; സുപ്രിംകോടതി അടുത്തയാഴ്ച പരിഗണിക്കും

കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അവകാശം സുപ്രിം കോടതി അംഗീകരിച്ചത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായി അഞ്ചംഗ ഭരണസമിതി രൂപീകരിക്കാൻ അനുമതിയും നൽകി. ജില്ലാ ജഡ്ജിക്ക് പുറമെ ട്രസ്റ്റി നോമിനേറ്റ് ചെയ്യുന്ന വ്യക്തി, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഓരോ നോമിനി, ക്ഷേത്രം തന്ത്രി എന്നിവരെ അംഗങ്ങളാക്കാനായിരുന്നു നിർദേശം.

റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ ഉപദേശക സമിതി രൂപീകരിക്കാനും അനുമതി നൽകി. നാലാഴ്ചയ്ക്കകം രണ്ട് സമിതികളും രൂപീകരിച്ച ശേഷം രാജകുടുംബം സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. വിധി പറഞ്ഞ ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കോടതിയുത്തരവ് നടപ്പാക്കുമെന്ന് ക്ഷേത്രം ട്രസ്റ്റി രാമവർമ കോടതിയെ അറിയിച്ചിട്ടുണ്ട്. ചുമതല ഒഴിയാൻ അനുമതി തേടി ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ വി രതീശൻ സമർപ്പിച്ച അപേക്ഷയും കോടതി പരിഗണിക്കും.

Story Highlights sreepathmanabhaswami case, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top