പൂക്കോട്ടൂർ യുദ്ധം നൂറാം വയസിലേക്ക്
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ പൂക്കോട്ടൂർ യുദ്ധം നൂറാം വയസിലേക്ക്. 1921ലാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. കരുത്തരായ ബ്രിട്ടീഷ് സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്.
1921 ഓഗസ്റ്റ് 26ന് വെള്ളിയാഴ്ചയാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. ബ്രിട്ടീഷ് അധിനിവേശ ശക്തികൾ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച അപൂർവങ്ങളിൽ ഒന്ന്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചെറുത്തുനിൽപിനും അതിജീവന പോരാട്ട സമരങ്ങൾക്കും സാക്ഷിയായ യുദ്ധത്തിന് 99 വയസായി.
ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞ് മാപ്പിളമാർ അവരെ ഗറില്ല യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു. ആയുധശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ച് മണിക്കൂർ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ പിൻവാങ്ങി. 259 പേർ യുദ്ധക്കളത്തിൽ തന്നെ മരിച്ചുവീണു. 400ലേറെ പടയാളികളാണ് യുദ്ധത്തിന്റെ ഭാഗമായി വീരമൃത്യു വരിച്ചത്.
യുദ്ധശേഷം പ്രദേശത്തെ ബ്രിട്ടീഷ് പട്ടാളം ആകമാനം നാമാവശേഷമാക്കി. പോരാളികളെ അന്തമാനിലേക്കും ബെല്ലാരിയിലേക്കും നാടുകടത്തി. ചിലരെ തൂക്കിക്കൊന്നു, ചിലരെ വെടിവച്ചുകൊന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടിൽ മുഹമ്മദായിരുന്നു യുദ്ധത്തിന് നേതൃത്വം നൽകിയത്. പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ യതീംഖാന, 1921 പൂക്കോട്ടൂർ യുദ്ധസ്മാരക ഗേറ്റ് അറവങ്കര, പിലാക്കലിലെ പൂക്കോട്ടൂർ രക്തസാക്ഷികളുടെ അഞ്ച് മഖ്ബറകൾ എന്നിവ സ്മാരകമായി പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും ഇന്ന് തലയുയർത്തി നിൽക്കുകയാണ്.
Story Highlights – pookkottur battle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here