നാട്ടിന്‍ പുറത്തെ വ്യാപരസ്ഥാപനങ്ങളെ ഓണ്‍ലൈനാക്കി കെഎം സ്‌റ്റോര്‍

ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് സ്വന്തമായി ഇ-കൊമേഴ്‌സ് സംവിധാനം ഒരുക്കുക അത്ര എളുപ്പമല്ല. മാറിയ കച്ചവട സാഹചര്യത്തില്‍ ഇ-കൊമേഴ്‌സ് സാധ്യതകളോട് മുഖം തിരിക്കാനും സാധിക്കില്ല. ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ക്കിടയില്‍ സ്വന്തം പ്ലാറ്റ്‌ഫോം സാധാരണക്കാര്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും വലിയ ബാധ്യതയാണ്. ഇത്തരം പരിമിതികളെ മറികടക്കാനാണ് തൃശൂര്‍ വടക്കയാട് സ്വദേശി മുഹമ്മദ് റോഷന്‍ എന്ന ഇരുപത്തിയഞ്ചുകാരന്റെ കെഎംസ്റ്റോര്‍ ഡോട്ട് ഇന്‍ (kmstore.in).

സ്വന്തമായൊരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് നിര്‍മിച്ച് അതുവഴി ബിസിനസ് വളര്‍ത്താന്‍ സാധിക്കാത്ത കച്ചവടക്കാര്‍ക്കുവേണ്ടിയാണ് കെഎം സ്റ്റോര്‍ എന്ന ഓണ്‍ലൈന്‍ സംരംഭം. 2019 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച കെഎം സ്റ്റോറില്‍ 4000 ത്തോളം വ്യാപാരികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മില്‍ നേരിട്ട് ഇടപാടുകള്‍ നടക്കുന്നു എന്നതാണ് കെഎം സ്റ്റോറിന്റെ പ്രത്യേകത. പഠനകാലയളവില്‍ നാട്ടിലെ ചെറിയ സൂപ്പര്‍ മാര്‍ക്കറ്റിന് വേണ്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഒരുക്കിയാണ് ബിടെക്ക് ബിരുദധാരിയായ റോഷന്റെ ആദ്യ ചുവട്‌വെപ്പ്. ഇതില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളാണ് കെഎം സ്റ്റോര്‍ എന്ന സംരംഭം ആരംഭിക്കാന്‍ സഹായിച്ചതെന്ന് മുഹമ്മദ് റോഷന്‍ ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു. നമ്മുടെ നാട്ടിലെ സാധാരണ മൊത്തവ്യാപാര മാര്‍ക്കറ്റുകളെ ഓണ്‍ലൈനാക്കുകയാണ് കെഎം സ്റ്റോര്‍. ഇത്തരത്തിലുള്ള സാധാരണ മാര്‍ക്കറ്റുകളുടെ വിര്‍ച്ച്വല്‍ അവതരണമാണ് കെഎം സ്റ്റോര്‍.

വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കച്ചവടക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ആര്‍ക്കും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതാണ് കെഎംസ്‌റ്റോറിന്റെ പ്രവര്‍ത്തന രീതി. സാധാരണ ഇകൊമേഴ്‌സ് സംവിധാനത്തിലേതിന് സമാനമായി വ്യാപാരികള്‍ക്ക് പ്രൊഡക്ട് വില്‍പ്പനയ്ക്ക് വെക്കാം, ഓഫര്‍ നല്‍കുകയും ഒര്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ മൊബൈല്‍ ആപ്ലിക്കേഷനായും കെഎം സ്‌റ്റോര്‍ ലഭ്യമാണ്. മാറിയ കാലത്ത് പ്രദേശികമായി എല്ലാ കച്ചവടക്കാരെയും ഓണ്‍ലൈന്‍ വ്യാപരത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമാക്കുകയാണ് കെഎം സ്‌റ്റോറിന്റ ലക്ഷ്യം എന്ന് യുവസംരംഭകനായ റോഷന്‍ പറയുന്നു.

Story Highlights KM Stores online businesses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top