സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെയും പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണം. തിരുവനന്തപുരം മുട്ടത്തറയിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ലീനയുടെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. ഭരണത്തിന് തണലിൽ ഗൂണ്ടായിസമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പത്തനംതിട്ട നിരണത്തെ കോൺഗ്രസ് ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും ഒരു സംഘം അടിച്ചു തകർത്തു. കണ്ണൂർ തലശേരിയിലെ ചോനാടം അഴീക്കോടൻ സ്മാരക വായനശാലക്ക് നേരെയും ബോംബേറുണ്ടായി. വായനശാലയുടെ ജനൽ ചില്ലുകൾ തകർത്തു.

Read Also : വെഞ്ഞാറമൂട് ഇരട്ട കൊലക്കേസിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ മൊഴി രേഖപ്പെടുത്തും

മലപ്പുറം ഏലംകുളത്ത് ഇന്ദിരാഗാന്ധി സ്തൂപത്തിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കോൺഗ്രസ്, ലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി. തൂണേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ ബോർഡുകളും കൊടികളും നശിപ്പിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

പുതുശ്ശേരി മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം അബ്ദുൾ റഹ്മാന്റെ വസതിക്ക് നേരെ ആക്രമണമുണ്ടായി. പുതുശ്ശേരിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷാജിയുടെ വീട്ടിൽ കയറി സിപിഐഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പരാതിയുണ്ട്.

വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. സംസ്ഥാനത്ത് വലിയ രീതിയിലുള്ള അക്രമങ്ങളാണ് സിപിഐഎം അഴിച്ചുവിടുന്നതെന്നും ഭരണത്തിന് കീഴിൽ ഗൂണ്ടായിസമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Story Highlights venjaramoodu murder case, congress office attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top